സംസ്കൃതി ഖത്തർ 12ാമത് സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ജലീലിയോക്ക്
text_fieldsജലീലിയോ
ദോഹ: സംസ്കൃതി ഖത്തർ 12ാമത് സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം 2025 ജലീലിയോക്ക്. ‘ടിനിറ്റെസ്’ എന്ന ചെറുകഥയാണ് ജലീലിയോയെ പുരസ്കാരത്തിനർഹയാക്കിയത്. 50,000 രൂപയും സി.വി. ശ്രീരാമൻ സ്മാരക പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2004 മുതൽ ബഹ്റൈനിൽ പ്രവാസിയും ബഹ്റൈനി ഇംഗ്ലീഷ് ദിനപത്രമായ 'ദി ഡെയിലി ട്രൈബ്യൂണി'ലും 'ഡിസൈൻഡ് ക്രിയേറ്റിവ് സൊല്യൂഷൻസി'ലും സി.ഇ.ഒയുമായ ജലീലിയോ മയ്യഴിക്കടുത്തുള്ള ഒളവിലത്ത് സ്വദേശിയാണ്. ആനുകാലികങ്ങളിൽ കഥകളും, ഡി.സി ബുക്സിലൂടെ ‘റംഗൂൺ സ്രാപ്പ്’ എന്ന നോവലും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥക്ക് 2023ലെ ‘നവനീതം’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി ജേതാവുമായ അശോകൻ ചെരുവിൽ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ അഷ്ടമൂർത്തിയും എസ്. സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
ജപ്പാൻ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് നാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 76ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. 2025 നവംബർ 22 ശനിയാഴ്ച വൈകീട്ട് പുരസ്കാര സമർപ്പണവും സംസ്കാരിക സമ്മേളനവും ദോഹയിൽ നടക്കും.
പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ എസ്. ഹരീഷ് പുരസ്കാര സമർപ്പണം നടത്തും. ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്കൃതി ഖത്തർ ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, പ്രവാസി ക്ഷേമബോർഡ് ഡയറക്ടറും മുൻ സംസ്കൃതി ജനറൽ സെക്രട്ടറിയുമായ ഇ.എം. സുധീർ, സാഹിത്യ പുരസ്കാര സമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

