സൗഹാർദ കേരളത്തിന് ഒന്നിച്ചുള്ള രാഷ്ട്രീയ പ്രതിരോധം ആവശ്യം -റസാഖ് പാലേരി
text_fieldsകള്‍ച്ചറല്‍ ഫോറം ഫ്രറ്റേണല്‍ മീറ്റ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിദ്വേഷത്തിന്റെ വിത്തുകള്‍ കേരളത്തിന്റെ മണ്ണിനെയും മലിനമാക്കി തുടങ്ങിയിട്ടുണ്ടെന്നും ഇതിനെതിരെ ഒന്നിച്ചുള്ള രാഷ്ട്രീയ പ്രതിരോധം ഉണ്ടാവേണ്ടതുണ്ടെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഫ്രറ്റേണല്‍ മീറ്റ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസം തന്നെ വലിയ സാമൂഹിക പ്രവര്‍ത്തനമാണ്. പ്രവാസത്തിന്റെ കരുതലിലാണ് ഇന്ന് കാണുന്ന കേരളത്തെ കെട്ടിപ്പടുത്തത്. കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിന് കാവലാകുന്ന ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികള്‍ക്ക് മാതൃകകള്‍ നല്കാന് കഴിയും.
വ്യത്യസ്ത മതങ്ങളുടെയും ദർശനങ്ങളുടെയും ലക്ഷ്യം മനുഷ്യനെ മുന്നേറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കലാണ്. പക്ഷേ ചില ശക്തികളത് ബോധപൂർവം അകൽച്ചക്കായി ദുരുപയോഗപ്പെടുത്തുകയാണ്. ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങളെയും സാമൂഹിക നീതിയെയും കുറിച്ച് ധാരാളം സംസാരിക്കുന്നു. എപ്പോഴൊക്കെ ഇതിനെ തകര്‍ക്കാന്‍ ഛിദ്രശക്തികള്‍ ശ്രമിച്ചുവോ അപ്പോഴൊക്കെ ഇന്ത്യന്‍ ജനാധിപത്യവും ജുഡീഷ്യറിയും മാധ്യമങ്ങളും ചേര്‍ന്ന് അത്തരം ശ്രമങ്ങളെ ചെറുത്ത് തോല്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അധ്യക്ഷത വഹിച്ചു.
സ്കൂളുകള്‍പോലും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയും കുതിച്ചുയരുന്ന വിമാനയാത്രാ നിരക്കിലും സോഷ്യല്‍ മീഡിയയിലുൾപ്പെടെയുള്ള വിദ്വേഷ പ്രചാരണങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അഷ്റഫ് ചിറക്കല്‍, സുഹൈല്‍ ശാന്തപുരം, നൗഷാദ് പാലക്കാട്, ഗഫൂര്‍ തിരുവനന്തപുരം, മജീദ് നാദാപുരം, ഹമീദ് പാലേരി, ഷുക്കൂര്‍ തൃശൂര്‍, നിസാര്‍ ചേന്ദമംഗലൂര്‍, ജമാല്‍ പാപ്പിനിശ്ശേരി, സമീൽ ചാലിയം, നസീഹ മജീദ്, നൗഫല്‍ തിരൂര്‍, ജോളി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാദിഖ് ചെന്നാടന്‍ സ്വാഗതവും കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സജ്ന സാക്കി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

