ക്രൊയേഷ്യ വരുന്നു; താരപ്പടയുമായി
text_fieldsക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂകാ മോഡ്രിച്
ദോഹ: ലോകകപ്പ് വേദിയാവുന്ന ഖത്തറിലേക്ക് ആദ്യ സന്നാഹ മത്സരത്തിന് വരുന്ന ക്രൊയേഷ്യൻ ടീം താരനിബിഡം. ആറാമത്തെ ടീമായി കഴിഞ്ഞ നവംബറിൽ തന്നെ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച നിലവിലെ റണ്ണർ അപ്പായ ക്രൊയേഷൻ സംഘം സൂപ്പർതാരങ്ങളെയെല്ലാം കുത്തിനിറച്ചാണ് വിശ്വപോരാട്ടത്തിന്റെ വേദിയിലേക്ക് സാംപിൾ പൂരത്തിന് വരുന്നത്. മാർച്ച് 26ന് സ്ലൊവീനിയയെയും 29ന് ബൾഗേറിയയെയുമാണ് ക്രോട്ടുകൾ ലോകകപ്പിന് വേദിയാവുന്ന കളിമുറ്റങ്ങളിൽ നേരിടുന്നത്. സ്ലാറ്റ്കോ ഡാലിച്ചിന്റെ ടീം റയൽ മഡ്രിഡ് താരം ലൂകാ മോഡ്രിച്ച്, ഇന്റർമിലാന്റെ ഇവാൻ പെരിസിച് എന്നിവരുമായാണ് വരുന്നത്.
അതേസമയം, ക്രൊയേഷ്യ ആതിഥേയരായ ഖത്തറുമായി ഈ വരവിൽ ഏറ്റുമുട്ടുന്നില്ല. ഖത്തർ മാർച്ച് 26ന് ബൾഗേറിയയെയും 29ന് സ്ലൊവീനിയയെയും നേരിടും.
ലോകകപ്പ് ആതിഥേയ നഗരത്തിലെ മത്സര അനുഭവത്തിനുവേണ്ടിയാണ് ഈ മാസത്തെ ഖത്തർ പര്യടനമെന്ന് കോച്ച് ഡാലിച് പറഞ്ഞു. 'ഖത്തറിനെ അറിയാനും കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും വേണ്ടിയാണ് പര്യടനം. ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യം, സംസ്കാരം, സ്റ്റേഡിയങ്ങൾ പരിചയപ്പെടുക തുടങ്ങിയവയെല്ലാം ലക്ഷ്യമാണ്. സന്ദർശനത്തിൽ ഏറ്റുമുട്ടുന്നത് മികച്ച രണ്ട് ടീമുകളാണെന്ന ബോധ്യത്തോടെയാണ് വരവ്'-കോച്ച് ഡാലിച് പറഞ്ഞു.
3-5-2 ശൈലിയിലാണ് മത്സരം പ്ലാൻ ചെയ്യുന്നത്. എന്നാൽ, ഭാവിയിൽ ക്രൊയേഷ്യയുടെ ഗെയിം ഫോർമാഷൻ ഇതായിരിക്കുമെന്ന് ഉറപ്പില്ല -അദ്ദേഹം പറഞ്ഞു.
ക്രൊയേഷ്യൻ ടീം
ഗോൾകീപ്പർ: ഡൊമിനിക് ലിവാകൊവിച്, ഇവോ റിബിച്, ഇവിക വുസിച്. പ്രതിരോധം: ഡൊമാഗോ വിദ, ഡെജാൻ ലൊവ്റൻ, സിമെ വ്രസാകോ, ബോർന ബരിസിച്, ഡുജെ കാലെറ്റ, ജോസിപ് ജുറാനോവിച്, ജൊസ്കോ വർഡിയോൾ, ബോർന സോസ, മരിൻ പൊഗ്രാനിച്.
മധ്യനിര: ലൂകാ മോഡ്രിച്, മാഴ്സലോ ബ്രൊസോവിച്, മറ്റ്യോ കൊവാസിച്, മരിയോ പസാലിച്, നികോള വളാസിച്, ലൊവ്റോ മയർ, ക്രിസ്റ്റ്യൻ ജാകിച്. സ്ട്രൈക്കർ: ഇവാൻ പെരിസിച്, ആന്ദ്രെ ക്രമാരിച്, ജോസ് ബ്രെകാലോ, മിസ്ലാവ് ഒർസിച്, മാർകോ ലിവാജ, ആന്ദ്രെ ബുഡിമിർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

