റാസല്‍ഖൈമ: മയക്കുമരുന്ന് വിപണന-വ്യാപന പ്രവൃത്തികളിലേര്‍പ്പെട്ട 19 പേരെ റാക് പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന പ്രവൃത്തികളിലേര്‍പ്പെട്ടവരെ വലയിലാക്കാന്‍ സഹായിച്ചത് വിവിധ വകുപ്പുകളുടെ ഏകോപന പ്രവൃത്തികളുടെ വിജയമാണെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. നിരീക്ഷണങ്ങള്‍ക്കൊടുവില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്ന് ഡ്രഗ് എന്‍ഫോഴ്സ്മെൻറ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അദ്നാന് അലി പറഞ്ഞു.
18 ഗ്രൂപ്പുകളായി തിരിച്ച അന്വേഷണ സംഘങ്ങളുടെ തന്ത്രപരമായ നീക്കം കുറ്റവാളികളെ വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചു. ലോക വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കു മരുന്നുകളും അനുബന്ധ ഉപകരണങ്ങളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. സമൂഹത്തില്‍ സംശയകരമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ ഓപ്പറേഷന് റൂമില്‍ വിവരം അറിയിക്കാന്‍ ജനങ്ങള്‍ തയാറകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.