വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ചുവെക്കുന്നു -പ്രവാസി വെല്‍ഫെയര്‍
text_fieldsപ്രവാസി വെല്‍ഫെയര്‍ സാഹോദര്യകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
നേതൃസംഗമത്തിൽനിന്ന്
ദോഹ: ഭരണരംഗത്തെ ഗുരുതരമായ വീഴ്ചകള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് മറച്ചുവെക്കാനാണ് കേരളത്തിലെ സര്‍ക്കാറും നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സാഹോദര്യകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ ആതുരാലയങ്ങള്‍ ആളെക്കൊല്ലിയാകുന്ന അവസ്ഥയാണ്. ബാറുകള്‍ യഥേഷ്ടം തുറന്ന് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെയും ലഹരിക്കെതിരെ ബോധവത്ക്കരണം എന്ന കാപട്യവുമായി സംസ്ഥാന സർക്കാർ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
കൊട്ടിഗ്ഘോഷിച്ച് നടത്തിയ റോഡ് വികസനമെല്ലാം കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനു മുമ്പെ തകര്‍ന്ന അവസ്ഥയിലാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണുന്നതിനു പകരം കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചും രാഷ്ട്രീയ ലാഭത്തിനായി അപകടകരമായ രീതിയില്‍ വിഭാഗീയത വളര്‍ത്തുകയുമാണ് ഭരണവിഭാഗം ചെയ്യുന്നതെന്നും നേതൃസംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ മജീദ് അലി, അനീസ് റഹ്മാന്, ജനറൽ സെക്രട്ടറി താസീൻ അമീൻ, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് റാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ഷിബിലി മഞ്ചേരി, നജീം കൊല്ലം, ശഫാ കണ്ണൂര്‍, ഉമ്മര്‍, നസീര്‍ ഹനീഫ, മുജീബ് റഹ്മാന് പാറക്കടവ്, ഷിയാസ് എറണാകുളം, സുബൈർ ഗുരുവായൂർ, അബ്ദുല്‍ അസീസ് തിരുവമ്പാടി, അബ്ദുൽ കരീം വണ്ടൂർ, നുസൈർ കായക്കൊടി, ഫഹദ് മലപ്പുറം എന്നിവര്‍ സംസാരിച്ചു. സാഹോദര്യകാലം ജനറല്‍ കണ്‍വീനര്‍ മഖ്ബൂല്‍ അഹമ്മദ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

