ടെലികോം പരാതികളിൽ 99 ശതമാനവും തീർപ്പാക്കി സി.ആർ.എ
text_fieldsആമിൽ സാലിം അൽ ഹനാവി
ദോഹ: കഴിഞ്ഞ വർഷം ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ 99 ശതമാനവും തീർപ്പാക്കിയതായി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (സി.ആർ.എ). ലോക ഉപഭോക്തൃ അവകാശ ദിനമായ മാർച്ച് 15നോടനുബന്ധിച്ച് കഴിഞ്ഞ വർഷം ലഭിച്ച പരാതികളുടെ 99 ശതമാനവും പരിഹരിച്ചുകഴിഞ്ഞു.
2389 പരാതികളാണ് ഉപഭോക്താക്കളിൽ നിന്നും സി.ആർ.എക്ക് ലഭിച്ചതെന്ന് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പരാതികളുടെ സാധുത വിലയിരുത്തുന്നത്. അവയിൽ 844 പരാതികൾ ന്യായമായിരുന്നുവെന്ന് സി.ആർ.എ അറിയിച്ചു. ബാക്കിയുള്ള പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ടെലികോം സേവനദാതാക്കളായ ഉരീദു ഖത്തർ, വോഡഫോൺ ഖത്തർ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചുവരുകയാണെന്നും സി.ആർ.എ ചൂണ്ടിക്കാട്ടി.ലഭിച്ച പരാതികളിൽ 76 ശതമാനവും മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.
പാക്കേജുകൾ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം, പോസ്റ്റ് പെയ്ഡ് സേവനങ്ങളുടെ ബില്ലിങ് എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു കൂടുതൽ പരാതികൾ. ആകെ പരാതികളുടെ 24 ശതമാനവും ഫിക്സഡ് ലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നുവെന്നും ഇതിൽ ഇന്റർനെറ്റ് സേവന വിച്ഛേദനം, ഇന്റർനെറ്റ് വേഗത, ബില്ലിങ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികളെന്നും അതോറിറ്റി വ്യക്തമാക്കി.
ഖത്തറിലെ ടെലികോം ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ പ്രതിജ്ഞാബദ്ധതരാണെന്ന് സി.ആർ.എ ഉപഭോക്തൃകാര്യ വിഭാഗം മേധാവി ആമിൽ സാലിം അൽ ഹനാവി പറഞ്ഞു.