കോവിഡ്: 230 പുതിയ രോഗികൾ, രോഗമുക്തർ 296
text_fieldsമാസ്ക് ധരിച്ച് കടകളിൽ എത്തിയവർ
ദോഹ: ഇന്നലെ 230 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 140 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 90 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 296 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. ചികിത്സയിലായിരുന്ന നാലുപേർ കൂടി മരിച്ചു. 32, 47, 61, 68 പ്രായമുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 560 ആയി. നിലവിലുള്ള ആകെ രോഗികൾ 3496. ഇന്നലെ 16078 പേർക്കാണ് പരിശോധന നടത്തിയത്.
ആകെ 2028209 പേരെ പരിശോധിച്ചപ്പോൾ 217688 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 213632 പേർക്കാണ് രോഗമുക്തിയുണ്ടായത്. 206 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഏഴു പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 125 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ടുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. രാജ്യത്ത് കുത്തിവെപ്പ് സജീവമാക്കിയതാണ് രോഗികൾ കുറയാനുള്ള പ്രധാനകാരണം. ഇതുവരെ ആകെ 2574692 ഡോസ് വാക്സിനാണ് ആകെ നൽകിയിരിക്കുന്നത്. അതേസമയം, കോവിഡ് പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിന് 465 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിനാണ് 434 പേർക്കെതിരെ നടപടിയുണ്ടായത്.
കാറിൽ കൂടുതൽ പേർ യാത്ര ചെയ്യുന്ന നിയമലംഘനങ്ങൾക്കെതിരെയും നടപടിയുണ്ടാകുന്നുണ്ട്. സാമൂഹികഅകലം പാലിക്കാത്തതിന് 26 പേർക്കെതിരെയും നടപടിയുണ്ട്. മൊബൈലിൽ ഇഹ്തിറാസ് ആപ് ഇല്ലാത്തതിന് രണ്ടുപേർക്കെതിരെയും നടപടിയെടുത്തു.
താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ് ച വരുത്തുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിയമം ലംഘിച്ചവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്.

