കോവിഡ് വാക്സിൻ നാളെ രാജ്യത്തെത്തും
text_fieldsദോഹ: രാജ്യത്ത് കോവിഡ് വാക്സിൻ തിങ്കളാഴ്ച എത്തും. വാക്സിെൻറ ആദ്യബാച്ചാണ് ഡിസംബർ 21ന് എത്തുകയെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യചട്ടങ്ങൾ പാലിച്ച് ജനങ്ങൾക്ക് ഉടൻ തന്നെ വാക്സിൻ നൽകിത്തുടങ്ങും. കോവിഡ് വാക്സിൻ രാജ്യത്തിന് ലഭിക്കുന്നുവെന്നത് കോവിഡ് പ്രതിരോധനടപടികളിലെ പ്രധാനഘട്ടമാണെന്നും രാജ്യം പതിയെ സാധാരണ ജീവിതം കൈവരിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ കൂടി ലഭിക്കുന്നതോടെ മഹാമാരിയുടെ ഭീഷണി ഇനിയും കുറയും. രാജ്യത്തിെൻറ കോവിഡ് നടപടികളെല്ലാം ഫലപ്രാപ്തിയിൽ എത്തുകയാണ്.
രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുകയെന്ന് നേരത്തേ തന്നെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആർക്കും വാക്സിൻ നിർബന്ധമാക്കില്ല. എന്നാൽ യാത്രകൾ, സ്റ്റേഡിയം സന്ദർശനങ്ങൾ പോലുള്ള ഘട്ടങ്ങളിൽ വാക്സിൻ നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ഫൈസർ, മൊഡേണ കമ്പനികളുമായി കോവിഡ് വാക്സിൻ ലഭ്യമാക്കാനായി മാസങ്ങൾക്കുമുേമ്പ ഖത്തർ കരാറിൽ ഒപ്പുവെച്ചിരുന്നു.
തുടക്കം മുതൽതന്നെ കോവിഡുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും രാജ്യം മുൻപന്തിയിലാണ്. ആദ്യഘട്ടത്തിൽ ഖത്തറിൽ കോവിഡ് വാക്സിൻ ആർക്കും നിർബന്ധമാക്കില്ലെന്നും എന്നാൽ ചില സന്ദർഭങ്ങളിൽ ചിലർക്ക് നിർബന്ധമാക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഉപദേശകനായ ഡോ. അബ്ദുൽ വഹാബ് അൽമുസ്ലിഹ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ കോവിഡ് വാക്സിൻ എടുക്കുക എന്നത് നിർബന്ധമുള്ള കാര്യമല്ല, ഇതുപോലെ തന്നെ ഖത്തറിലും നിർബന്ധമാക്കില്ല. എന്നാൽ, അൽപകാലം കൂടി കഴിഞ്ഞാൽ ഒരുപക്ഷേ വാക്സിൻ നിർബന്ധമാക്കാനും സാധ്യതയുണ്ട്. അത് സാഹചര്യങ്ങളും ആവശ്യങ്ങളും അനുസരിച്ചായിരിക്കും. യാത്രാസംബന്ധമായ ആവശ്യങ്ങൾ, സ്റ്റേഡിയങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയ സാഹചര്യങ്ങളിൽ ഒരുപക്ഷേ വാക്സിൻ നിർബന്ധമാക്കുമെന്നും അദ്ദേഹം അൽകാസ് ടി.വി ചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.
രാജ്യത്ത് കോവിഡ് വാക്സിെൻറ ആദ്യ സ്റ്റോക് ഈ മാസം അവസാനത്തോടെ തന്നെ എത്തുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. വാക്സിൻ നൽകുന്നതിൽ മുൻഗണന പ്രായം ചെന്നവർ, ദീർഘകാല രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായിരിക്കും. തുടർന്നുള്ള മാസങ്ങളിൽ പൊതുജനങ്ങൾക്കും വാക്സിൻ നൽകും. ഫൈസർ വാക്സിന് രണ്ടു ഡോസുകളാണുള്ളത്. ഇവ മൂന്ന് ആഴ്ചകൾക്കുള്ളിലാണ് നൽകാനാവുക. കോവിഡ് വാക്സിനായി ഖത്തർ കരാറിൽ ഏർപ്പെട്ട ഫൈസർ കമ്പനിയുടെയും മൊഡേണ കമ്പനിയുടെയും വാക്സിനുകൾ ഫലപ്രദമാണെന്ന് ഈയടുത്ത് തെളിഞ്ഞിരുന്നു. മൊഡേണ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞതായി കമ്പനി അറിയിച്ചിരുന്നു. അമേരിക്കൻ ആസ്ഥാനമായ കമ്പനി വികസിപ്പിച്ച കോവിഡ് വാക്സിൻ സന്നദ്ധപ്രവർത്തകരടക്കം സ്വീകരിക്കുന്നുണ്ട്. 30,000 പേരിലാണ് കമ്പനി മരുന്നുപരീക്ഷിച്ചത്.
ഇതിെൻറ ഫലവും അവർ പുറത്തുവിട്ടിട്ടുണ്ട്. വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണമായ ക്ലിനിക്കൽ ഫലങ്ങൾ നാഴികക്കല്ലാണെന്ന് മൊഡേണ പ്രസിഡൻറ് ഡോ. സ്റ്റീഫൻ ഹോഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊതുജനാരോഗ്യമന്ത്രാലയം വാക്സിനായി കരാർ ഒപ്പുവെച്ച മറ്റൊരു കമ്പനിയായ ഫൈസർ ആൻഡ് ബയോൺടെക്കിെൻറ വാക്സിനും ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. അമേരിക്കയാണ് ഈ കമ്പനിയുടെയും ആസ്ഥാനം. നവംബർ എട്ടിന് നടന്ന കമ്പനിയുടെ ഇടക്കാല പരീക്ഷണത്തിെൻറയും, വിലയിരുത്തൽ റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ ഇതുവരെയുള്ള നടപടിക്രമങ്ങൾ വിജയകരമായിരുന്നുവെന്ന് ഈ കമ്പനിയുടെ അധികൃതരും നിലവിൽ അറിയിച്ചിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലം ആശാവഹമാണെന്നും വാക്സിന് കോവിഡിനെതിരെ പ്രവർത്തിക്കാനുള്ള ശേഷിയുണ്ടെന്ന് തെളിഞ്ഞതായും ഫൈസർ ആൻഡ് ബയോൺടെക്ക് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ഡോ. ആൽബർട്ട് ബൂർല അറിയിച്ചിരുന്നു.
തുടക്കം മുതൽ തന്നെ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും പരിശ്രമിക്കുന്ന കമ്പനികളാണിവ. 2021 ആദ്യത്തിൽ 500 മില്യൻ ഡോസ് വാക്സിൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിയുമെന്നാണ് മൊഡേണ കമ്പനി പറയുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായാണ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്യുകയെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. കോവിഡ് 19 വാക്സിനോടുള്ള ഖത്തറിലെ ജനങ്ങളുടെ സമീപനവും അഭിപ്രായവും സ്വരൂപിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷൻ സർവേ നടത്തുന്നുണ്ട്. വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനാണിത്.
ഖത്തർ മുന്നോട്ടുവെച്ച വാക്സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസവും വാക്സിനോടുള്ള ജനങ്ങളുടെ സമീപനവും രേഖപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഗവേഷണ സർവേ. ഹമദ് മെഡിക്കൽ കോർപറേഷെൻറ മാനസികാരോഗ്യ സേവന വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പൂർണമായും ഒൺലൈൻ വഴിയാണ് സർവേ സംഘടിപ്പിക്കുന്നത്. കോവിഡ്19 മഹാമാരിയിൽനിന്നും മുക്തിനേടുന്നതിനുള്ള പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിനായി ആഗോളതലത്തിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഖത്തറും ഉണ്ട്. സമ്പൂർണ ലോക്ഡൗൺ ഇല്ലാതെ കോവിഡിനെ വരുതിയിലാക്കാൻ കഴിഞ്ഞു. ലോകത്ത് ഏറ്റവും കുറവ് കോവിഡ് മരണമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. ഇതിനൊപ്പം കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ തന്നെ രാജ്യത്ത് എത്തിക്കാൻ കഴിയുന്നതോടെ മറ്റൊരു നാഴികക്കല്ലുകൂടിയാണ് രാജ്യം പിന്നിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

