വാക്സിൻ പ്രതിരോധം
text_fieldsദോഹ: കോവിഡ് വാക്സിനേഷനിൽ ലോകരാജ്യങ്ങളെയും അയൽക്കാരെയുമെല്ലാം ഏറെ പിന്നിലാക്കി ഖത്തർ അതിദ്രുതം കുതിക്കുന്നു.
ആരോഗ്യ മന്ത്രലായത്തിൻെറ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 40ന് മുകളിൽ പ്രായമുള്ളവരിൽ ജനസംഖ്യയുടെ 85 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് സമ്പൂർണ കോവിഡ് പ്രതിരോധം നേടിക്കഴിഞ്ഞു. ഈ വിഭാഗത്തിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 95.3 ശതമാനമാണ്. ശേഷിച്ചവരിൽ വാക്സിനേഷൻ നടപടികൾ അതിവേഗത്തിലും മുന്നേറിക്കൊണ്ടിരിക്കുന്നു.
രണ്ടാം ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരെയാണ് സമ്പൂർണ പ്രതിരോധശേഷി നേടിയവരായി കണക്കാക്കുന്നത്. ഫൈസർ, മൊഡേണ വാക്സിനുകളാണ് രാജ്യത്ത് കുത്തിവെക്കുന്ന പ്രധാന പ്രതിരോധ മരുന്നുകൾ. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രചാരണവുമായാണ് ആരോഗ്യ മന്ത്രാലയം ഖത്തറിൻെറ കോവിഡ് ചെറുത്തുനിൽപിനെ നയിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെൻറർ ഒരുക്കി, സ്വദേശികൾക്കും താമസക്കാരായ വിദേശികൾക്കും ഒരുപോലെ പരിഗണന നൽകുന്നത് രാജ്യാന്തര തലത്തിൽതന്നെ പ്രശംസിക്കപ്പെട്ടു.
ജനസംഖ്യാനുപാതികമായ വാക്സിനേഷൻ നടപടികളിൽ ലോകത്ത് ആദ്യ 10 രാജ്യങ്ങൾക്കുള്ളിലാണ് ഖത്തറിൻെറ സ്ഥാനം. 2020 ഡിസംബറിൽ ദേശീയ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചതിന് ശേഷം ഇതുവരെയായി 3,503,040 ഡോസാണ് വിതരണം ചെയ്തത്.
16 വയസ്സിന് മുകളിലുള്ള, വാക്സിനെടുക്കാൻ യോഗ്യരായ 66.1 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 78.2 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതും വാക്സിനേഷൻ നിരക്കിലെ വർധനവും ജനങ്ങളുടെ സഹകരണവുംമൂലം പ്രതിദിന കോവിഡ് പോസിറ്റിവ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചിരിക്കുകയാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണിത്. തീവ്രതയേറിയ വൈറസ് വകഭേദങ്ങൾ നമുക്കുചുറ്റുമുണ്ട്. സുരക്ഷാമുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുത് -ആരോഗ്യമന്ത്രാലയം ഓർമിപ്പിച്ചു.
40ന് മുകളിൽ പ്രായമുള്ളവരിൽ 95.3 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചുകഴിഞ്ഞു
19.06 ലക്ഷം ജനങ്ങൾ ഒരു ഡോസ് വാക്സിൻ എടുത്തു. 15.96 ലക്ഷം പേർ രണ്ട് ഡോസും സ്വീകരിച്ചു
16നും അതിന് മുകളിലും പ്രായമുള്ള ജനങ്ങളിൽ 66 ശതമാനും പേർട്ട് രണ്ട് ഡോസും സ്വീകരിച്ചു
60ന് മുകളിൽ പ്രായമുള്ളവരിൽ ജനസംഖ്യയുടെ 93.5 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും കുത്തിവെപ്പെടുത്തു. 98.6 ശതമാനം ഒരു ഡോസെങ്കിലും സ്വീകരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.