കോവിഡ് വാക്സിനേഷൻ 50 ലക്ഷം തികച്ചു
text_fieldsഖത്തറിൽ ആദ്യമായി ഡോ. അബ്ദുല്ല അൽ കുബൈസി കോവിഡ് വാക്സിൻ സ്വീകരിക്കുന്നു -ഫയൽ ചിത്രം
ദോഹ: ഖത്തറിെൻറ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ഒരുവർഷം പൂർത്തിയാവാനിരിക്കെ 50 ലക്ഷം വാക്സിൻ എന്ന നാഴികക്കല്ല് തികച്ചു. വെള്ളിയാഴ്ച 8147 പേർക്കുകൂടി പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയതോടെയാണ് രാജ്യത്തെ വാക്സിനേഷൻ 50.04 ലക്ഷം എന്ന നേട്ടത്തിലെത്തിയത്. ഇതിൽ 1.24 ലക്ഷം ബൂസ്റ്റർ ഡോസ് വാക്സിനാണ്.
2020 ഡിസംബറിലാണ് ഖത്തറിലെ കോവിഡ് വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുന്നത്. 28 പ്രൈമറി ഹെൽത്ത് സെൻററുകൾ, ലോകത്തെ ഏറ്റവും വിശാലമായ വാക്സിനേഷൻ സെൻറർ, ഡ്രൈവ് ഇൻ വാക്സിനേഷൻ സെൻറർ തുടങ്ങി വിപുലമായ പദ്ധതികളോടെയാണ് അധികൃതർ ഖത്തറിെൻറ വാക്സിനേഷൻ തുടർന്നത്. ഇതുവരെ, രാജ്യത്തെ ജനസംഖ്യയയിൽ 85 ശതമാനത്തിന് മുകളിൽ ആളുകൾ രണ്ടു ഡോസും സ്വീകരിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി നേടിക്കഴിഞ്ഞു. 12 വയസ്സിന് മുകളിലുള്ളവർക്കാണ് ഖത്തറിൽ നിലവിൽ വാക്സിനുകൾ നൽകുന്നത്. അഞ്ചു മുതൽ 12 വരെ പ്രായമുള്ളവർക്ക് ജനുവരിയിൽ വാക്സിൻ നൽകുമെന്നാണ് റിപ്പോർട്ട്. രണ്ട് ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവർക്ക് നിലവിൽ ബൂസ്റ്റർ ഡോസും ഖത്തറിൽ ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബർ 15നാണ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിൽ സ്വദേശികൾക്കും വിദേശികൾക്കും ഏറ്റവും മികച്ച വാക്സിനേഷൻ കാമ്പയിൻ ഒരുക്കിയാണ് ഖത്തർ മാതൃകയായത്. ഫൈസർ, മൊഡേണ വാക്സിനുകളാണ് നൽകുന്നത്. ഇതിനു പുറമെ, വിദേശങ്ങളിൽനിന്ന് ആസ്ട്രസെനക കോവിഷീൽഡ് എടുത്തവർക്ക് തുടർ ഡോസുകളും രാജ്യത്ത് നൽകുന്നുണ്ട്.
ലോകാരോഗ്യ സംഘടന, എൻ.ജി.ഒകൾ എന്നിവയുമായി സഹകരിച്ച് മറ്റു പിന്നാക്ക രാജ്യങ്ങളുടെ വാക്സിനേഷൻ നടപടികളിലും ഖത്തർ സജീവമായി ഇടപെടുന്നുണ്ട്. 2020 ഡിസംബർ 23നായിരുന്നു ഖത്തറിലെ വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. ഖത്തർ സർവകലാശാല പ്രഫസർ ഡോ. അബ്ദുല്ല അൽ കുബൈസി അൽ വജ്ബ ഹെൽത്ത് സെൻററിൽ വെച്ച് വാക്സിൻ സ്വീകരിച്ച് മാതൃകയായാണ് കാമ്പയിന് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

