കോവിഡ് ചികിത്സ: പുതിയ മരുന്ന് പരീക്ഷിക്കാനൊരുങ്ങി രാജ്യം
text_fieldsദോഹ: കോവിഡ്-19 ചികിത്സ രംഗത്ത് ഫലപ്രദമായ മരുന്ന് രാജ്യത്തെത്തിക്കാനും പരീക്ഷിക്കാനും ഖത്തർ ശ്രമിക്കുകയാണെന്നും പരീക്ഷണാടിസ്ഥാനത്തിൽ മരുന്ന് മികച്ച ഫലമാണ് നൽകിയതെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ. അമേരിക്കയിൽ കോവിഡ്-19 രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ‘റെംഡെസിവിർ’ ഈ രംഗത്ത് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് മരുന്ന് നൽകുന്നതിലൂടെ രോഗലക്ഷണങ്ങൾ 11 ദിവസത്തിനുള്ളിൽ കുറയും. സാധാരണ 15 ദിവസത്തിനുള്ളിലാണ് കുറയുക. മരണനിരക്ക് 11 ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി കുറയുന്നുണ്ട്. ഹമദ് മെഡിക്കൽ കോർപറേഷനിലെ സാംക്രമികരോഗ മുന്നൊരുക്ക സമിതി ഉപാധ്യക്ഷനും സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മരുന്നിെൻറ ഫലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറിലെ കോവിഡ്-19 രോഗികൾക്കായി നൽകുന്നതിന് മരുന്നിെൻറ ലഭ്യത സംബന്ധിച്ച വിവരങ്ങൾക്കും കാത്തിരിക്കുകയാണ് -അബ്ദുല്ലത്തീഫ് അൽ ഖാൽ കൂട്ടിച്ചേർത്തു. കോവിഡ്-19 ചികിത്സക്കായി മറ്റു മരുന്നുകളും രാജ്യത്ത് ഉപയോഗത്തിലുണ്ട്. ഉയർന്ന ശരീര താപനില, ശ്വസനസംബന്ധമായ തടസ്സങ്ങൾ എന്നിവക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ, അസിത്രോമൈസിൻ തുടങ്ങിയവ നൽകുന്നുണ്ട്. എന്നാൽ, കോവിഡ് ബാധിച്ച് നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് പുതിയ മരുന്ന് നൽകുകയില്ല.കോവിഡ്-19 പോസിറ്റിവ് കേസുകൾ അതിെൻറ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ജനങ്ങൾ അനിവാര്യ സന്ദർഭത്തിലല്ലാതെ വീടുവിട്ടുപോകരുത്. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ജനങ്ങൾ രണ്ടു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. കൈകൾ എപ്പോഴും അണുമുക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
എല്ലാ കോവിഡ്-19 കേസുകളുമായി ബന്ധപ്പെട്ടും ഖത്തർ ആരോഗ്യ മന്ത്രാലയം േട്രസിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ്-19 പോസിറ്റിവ് വ്യക്തിയുമായി സമ്പർക്കം പുലർത്തിയവർക്ക് പരിശോധന ഉറപ്പുവരുത്തുന്നതിന് പ്രത്യേക സംഘത്തെ തന്നെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
ദിവസേന ആയിരക്കണക്കിന് ആളുകളെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിൽ രോഗലക്ഷണം കാണിക്കാത്തവരുമുണ്ടാകും.
അവർ പരിശോധനക്ക് വിധേയമാകാതെ താമസസ്ഥലം വിട്ട് പുറത്തുപോകുകയാണെങ്കിൽ രോഗവ്യാപനത്തിെൻറ തോത് നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.