കോവിഡ് പരിശോധന പി.എച്ച്.സികളിൽ
text_fieldsദോഹ: ഖത്തറിലേക്ക് തിരികെവരുന്ന വാക്സിൻ എടുത്ത യാത്രക്കാർക്കുള്ള ആർ.ടി.പി.സി.ആർ പരിശോധനകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തീരുമാനം. വ്യാഴാഴ്ച ഖത്തറിൽ വിമാനമിറങ്ങിയ സ്വദേശികളും വിദേശികളുമായ യാത്രക്കാരെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാക്കിയില്ല. ഇവരോട്, 36 മണിക്കൂറിനുള്ളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തി കോവിഡ് പരിശോധനക്ക് ഹാജരാവാനാണ് നിർദേശം നൽകിയത്. ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ വാക്സിൻ സ്വീകരിച്ച യാത്രക്കാരും ദോഹ വിമാനത്താവളത്തില്‍ ആർ.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ പുറത്തു കടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം എയര്‍പോര്‍ട്ടിനകത്ത് തന്നെ സജ്ജീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായി ദോഹയിലെത്തുന്നവരോട് അവരുടെ താമസകേന്ദ്രങ്ങളോട് അടുത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകാണ് ചെയ്യുന്നത്.
ഇതിനായി പ്രത്യേക സ്റ്റിക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരുടെ രേഖകള്‍ക്ക് മേല്‍ പതിപ്പിച്ചുനല്‍കുകയും ചെയ്തു. ദോഹയിലിറങ്ങി 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദേശം. വിമാനത്താവളത്തിലെത്തുന്ന മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ ഇതിെൻറ ഭാഗമായി പി.എച്ച്.സികളിലേക്ക് കൈമാറുന്നുണ്ട്. പെരുന്നാൾ അവധി ദിനമായതിനാല്‍ നിലവില്‍ 18 പ്രാഥമികരോഗ്യ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ജൂലൈ 26നു ശേഷം 27 കേന്ദ്രങ്ങളിൽ പരിശോധന സൗകര്യമുണ്ടാകും. 300 ഖത്തർ റിയാലാണ് ടെസ്റ്റിനുള്ള ഫീസ്. ടെസ്റ്റ് നടത്താത്തവരുടെ പേരുകള്‍ അധികൃതര്‍ക്ക് കൈമാറാനും പി.എച്ച്.സി.സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാകിസിനേറ്റഡ് യാത്രക്കാർക്ക് ക്വാറൻറീൻ ഒഴിവാക്കിയതോടെയാണ് പരിശോധന നിർബന്ധമാക്കിയത്.
കോവിഡ്: പുതിയരോഗികൾ 196
ദോഹ: ഖത്തറിൽ വ്യാഴാഴ്ച 196 പേർക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 90 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച 128 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 66 പേർക്ക് സമൂഹ വ്യാപനത്തിലൂടെയാണ് പകർന്നത്. 62 പേർ വിദേശത്തു നിന്നെത്തിയവരുമാണ്. വ്യാഴാഴ്ച 122 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ ആകെ 2,22,600 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 1634 പേർക്കാണ് രോഗബാധയുള്ളത്. ഇന്നലെ 19,063 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 62 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ മൂന്നു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 31 പേരുമുണ്ട്. വ്യാഴാഴ്ച 27,128 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. നിലവിൽ 36.14ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

