നിയന്ത്രണങ്ങളിൽ ഇളവ്: റസ്റ്റാറൻറുകൾക്ക് ഇനി മുതൽ പാർസലും നൽകാം
text_fieldsദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ രാജ്യത്തെ റസ്റ്റാറൻറുകൾക്കും കഫേകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിെൻറ പുതിയ തീരുമാനപ്രകാരം റസ്റ്റാറൻറുകൾക്കും കഫേകൾക്കും ഇനി മുതൽ ഹോം ഡെലിവറിയോടൊപ്പം ഷോപ്പുകളിലെത്തുന്നവർക്ക് പാർസൽ സേവനവും നൽകാനാകും. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റസ്റ്റാറൻറുകൾക്കും കഫേകൾക്കും ഹോം ഡെലിവറി സേവനം മാത്രമേ നൽകാനാകൂ എന്ന് നേരത്തെ മന്ത്രാലയം തീരുമാനിച്ചിരുന്നു.എന്നാൽ, മാളുകളിൽ പ്രവർത്തിക്കുന്ന കഫേകൾക്കും റസ്റ്റാറൻറുകൾക്കും ഈ തീരുമാനം ബാധകമാകുകയില്ല. മാളുകളിലുള്ളവക്ക് ഹോം ഡെലിവറി മാത്രമേ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഒരിക്കലും ഓർഡറുകൾ സ്വീകരിക്കാനും പാർസൽ നൽകാനും പാടില്ലെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് റസ്റ്റാറൻറുകളും കഫേകളും വാണിജ്യ മന്ത്രലായം, തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും നിർബന്ധമായും പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. നേരത്തെ റസ്റ്റാറൻറുകൾക്കും കഫേകൾക്കും പാർസൽ സേവനം നൽകാൻ അനുമതിയുണ്ടായിരുന്നെങ്കിലും ഷോപ്പുകളുടെ മുന്നിൽ ഉപഭോക്താക്കൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഹോം ഡെലിവറി സേവനം മാത്രമാക്കി പരിമിതപ്പെടുത്തിയത്.പൊതുസ്വകാര്യ മേഖലകളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം രാജ്യത്ത് നേരത്തേ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം റിയാൽ പിഴയും ലഭിക്കും. രാജ്യത്ത് കോവിഡ്–19 വ്യാപനം വർധിച്ച സാഹചര്യത്തിലാണ് മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. പകർച്ചവ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പർ നിയമപ്രകാരമായിരിക്കും നടപടികൾ.
വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ പ്രത്യേക ഉത്തരവ് പ്രകാരം ഭക്ഷ്യ, കാറ്ററിംഗ് സ്റ്റോറുകളിലെ ജീവനക്കാർ, ഉപഭോക്താക്കൾ, പൊതു–സ്വകാര്യ മേഖലകളിലെ ജീവനക്കാരും ഉപഭോക്താക്കളും, കോൺട്രാക്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെല്ലാം മാസ്ക് ധരിച്ചിരിക്കണം.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിെൻറ ഭാഗമായുള്ള മന്ത്രിസഭാ തീരുമാനങ്ങളുടെ പിൻബലത്തിലാണ് വാണിജ്യ മന്ത്രാലയം മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾ നിർദേശം പാലിക്കുന്നില്ലെങ്കിൽ പ്രവേശനം തടയുന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുത്താൻ ജീവനക്കാർക്ക് അധികാരമുണ്ട്.ഷോപ്പിംഗ് സെൻററുകളിലും സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗിനെത്തുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ അകത്തേക്ക് പ്രവേശിപ്പിക്കരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.