കേരളത്തിൽ സുപ്രീം കമ്മിറ്റിയുടെ കോവിഡ് ദുരിതാശ്വാസം
text_fieldsലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ നേതൃത്വത്തിൽ കേരളത്തിൽ കോവിഡ് ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്തപ്പോൾ
ദോഹ: ഇന്ത്യയിലെ കോവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. സുപ്രീം കമ്മിറ്റിക്ക് കീഴിലുള്ള ലെഗസി പദ്ധതിയായ ജനറേഷൻ അമേസിങ്ങാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കേരളത്തിൽ രംഗത്തുള്ളത്. ജനറേഷൻ അമേസിങ് അഡ്വക്കറ്റുമാരായ സാദിഖ് റഹ്മാൻ, സലീം പുതിയോട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയാണ് ഇതിനകം വിതരണം ചെയ്തിരിക്കുന്നത്. പ്രാദേശിക സംഘങ്ങളുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നിരവധി കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചതായും സാദിഖ് റഹ്മാൻ പറഞ്ഞു. 2015 മുതൽ ജനറേഷൻ അമേസിങ് അഡ്വക്കറ്റായി പ്രവർത്തിച്ചുവരുകയാണ് സാദിഖ്.
കേരളത്തിലെ ഗൂസ്ബെറി ക്ലബുമായി കൈകോർത്താണ് ഇരുവരുടെയും പ്രവർത്തനങ്ങൾ. 2019ൽ കേരളത്തിലുണ്ടായ പ്രളയത്തിലും ഗൂസ്ബെറി ക്ലബുമായി ചേർന്ന് ജനറേഷൻ അമേസിങ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഫുട്ബാളിലൂടെ സാമൂഹിക വികസനമെന്ന ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടാണ് സുപ്രീം കമ്മിറ്റി ജനറേഷൻ അമേസിങ് പദ്ധതിക്ക് രൂപംനൽകിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റു പ്രദേശങ്ങളിലും കളിമൈതാനങ്ങളടക്കം നിർമിച്ചുനൽകിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഫുട്ബാൾ പരിശീലനവും നൽകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിഖ്യാതരായ താരങ്ങൾ ജനറേഷൻ അമേസിങ് അംബാസഡർമാരായി പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.