കോവിഡ്: മരണങ്ങളില്ലാതെ ഖത്തർ
text_fieldsദോഹ: ബലിപെരുന്നാൾ ആഘോഷത്തിരക്കിനിടെ രാജ്യത്തിന് ആശ്വാസമായി കോവിഡ് മരണ നിരക്കും കുത്തനെ കുറയുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഖത്തറിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ 10നാണ് അവസാനമായി കോവിഡ് ബാധിച്ച് 76 വയസ്സുകാരൻ മരണമടഞ്ഞത്. കോവിഡ് ബാധിതനായിരുന്നെങ്കിലും, മാറാ രോഗങ്ങളാൽ ബുദ്ധിമുട്ടിയ വ്യക്തിയായിരുന്നു ഇദ്ദേഹം. അതിനു ശേഷം ജൂലൈ 19ലെ കണക്ക് പുറത്തുവന്നപ്പോൾ തുടർച്ചയായി ഒമ്പതു ദിനങ്ങളിൽ രാജ്യത്ത് ഒരു കോവിഡ് മരണംപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആരോഗ്യ മന്ത്രാലയത്തിന് ആത്മവിശ്വാസമാവുന്നു. രോഗികളുടെ എണ്ണം 1500നു മുകളിൽ തുടരുകയും, ഇവരിൽതന്നെ 70നു മുകളിൽ ആളുകൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുേമ്പാഴാണ് മരണം 'സീറോ'യിൽ നിലനിർത്താൻ കഴിയുന്നത്.
രാജ്യത്തെ മെച്ചപ്പെട്ട ചികിത്സ സംവിധാനങ്ങളുടെയും ഉയർന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ഫലം കൂടിയാണ് ഈ നേട്ടം. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതും വാക്സിനേഷൻ പരിപാടി കൂടുതൽ വേഗത്തിലാക്കിയതും ജനങ്ങളുടെ സഹകരണവും രാജ്യത്ത് കോവിഡ് കേസുകൾ കുറക്കുന്നതിൽ നിർണായകമായെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ ജാഗ്രത അനിവാര്യമാണെന്നും കോവിഡ് മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും രാജ്യത്തുനിന്ന് കോവിഡിൻെറ രണ്ടാം തരംഗം പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഓർമിപ്പിച്ച മന്ത്രാലയം, കൂടുതൽ തീവ്രതയേറിയ വൈറസ് വകഭേദങ്ങൾ സമൂഹത്തിലുണ്ടെന്നും ജാഗ്രത കൈവെടിയരുതെന്നും ആവശ്യപ്പെട്ടു. 16 ലക്ഷം പേർ പൂർണമായും വാക്സിൻ സ്വീകരിച്ചതായും ദേശീയ കോവിഡ് വാക്സിനേഷൻ പരിപാടിയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ്: പുതിയ രോഗികൾ 124
ദോഹ: തിങ്കളാഴ്ച ഖത്തറിൽ 124 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 86 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ് രോഗബാധ. 38 പേർ വിദേശങ്ങളിൽനിന്നെത്തിയവരാണ്.
152 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. നിലവിലുള്ള ആകെ രോഗികൾ 1546. തിങ്കളാഴ്ച 20,129 പേരെയാണ് പരിശോധിച്ചത്. ആകെ 22,70,315 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 2,22,257 പേർ രോഗമുക്തി നേടി. നിലവിൽ 72 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ആറുപേർ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ്. തീവ്രപരിചരണവിഭാഗത്തിൽ 32 പേർ ചികിത്സയിലുണ്ട്.
തിങ്കളാഴ്ച 36,311 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതോടെ ആകെ ഡോസ് വാക്സിൻെറ എണ്ണം 35.59 ലക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

