മുഖ്യമന്ത്രീ, കോവിഡ് രോഗികളല്ല ഗൾഫിൽ നിന്ന് മടങ്ങുന്നവർ
text_fieldsദോഹ: പ്രിയപ്പെട്ട കേരള മുഖ്യമന്ത്രീ, ഗൾഫിലുള്ള പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നത് അവർക്ക് കോവിഡ് രോഗം ഉള്ളതുകൊണ്ടല്ല. കോവിഡ് തീർത്ത പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ കഴിയാനാകാത്ത, ജോലി പോയ, വിസകാലാവധി തീർന്ന, മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ മാത്രമാണ് ഇപ്പോഴും നാടണയാൻ കാത്തിരിക്കുന്നത്. അല്ലാതെ ഗൾഫിൽ കോവിഡ് പിടിപെടുകയും ആ വൈറസും കൊണ്ട് നാടിലെത്തുകയും ചെയ്യുന്നവനല്ല പ്രവാസി. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഒരാൾക്ക് നിലവിൽ യാത്ര ചെയ്യാനാകാത്ത വിധം ശക്തമാണ് വിവിധ ഗൾഫ്നാടുകളിലെ സംവിധാനങ്ങൾ.
അതിനാൽ തന്നെ പ്രവാസി വന്ന് കേരളത്തിൽ കോവിഡ് പടർത്തുകയാണ് എന്ന ഭീതി അങ്ങേക്കും ഭരിക്കുന്ന മറ്റുള്ളവർക്കും നാട്ടുകാർക്കും വേണ്ട. അതിനാൽ വിവിധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് വരുന്നവർ യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി രോഗമിെല്ലന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണം.
കാരണം അത് അപ്രായോഗികവും നടക്കാത്ത കാര്യവുമാണ്. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് പരിശോധന നടക്കുന്നില്ല. സർക്കാർ മേഖലയിൽ രോഗലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് മാത്രമാണ് ടെസ്റ്റ് നടത്തുന്നത്. അതിൻെറ ഫലം ലഭിക്കാനാകട്ടെ കാലതാമസവുമുണ്ട്.
ജൂൺ 20 മുതൽ വിദേശത്തുനിന്ന് ചാർേട്ടഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് എത്തുന്നവർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കേരള സർക്കാർ നിബന്ധന വച്ചിരിക്കുന്നത്. ഇത് നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന പ്രവാസികളുടെ യാത്ര മുടക്കുമെന്നതിൽ സംശയമില്ല.ഗൾഫിൽ നിന്നുള്ള എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് കേരള സർക്കാർ നിർദേശം. നെഗറ്റീവ് ആയവരെ മാത്രമേ വിമാനത്തിൽ കയറ്റാൻ പാടുള്ളൂ. ടെസ്റ്റ് സർട്ടിഫിക്കറ്റ് ഒാരോ യാത്രക്കാരനും കൈയിൽ കരുതണം.
നേരത്തെ അനുമതി ലഭിച്ച വിമാനങ്ങൾക്കും ഇത് ബാധകമാണ്. പോസിറ്റീവായ ആൾക്ക് അടിയന്തര വൈദ്യ പരിചരണം ആവശ്യമാണെങ്കിൽ എയർ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗബാധ ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി നിർദേശം ഇറക്കിയത്.
അതേസമയം, വന്ദേഭാരത് ദൗത്യത്തിന് കീഴിൽ പോകുന്ന വിമാനങ്ങൾക്ക് ഇൗ നിബന്ധന ബാധകവുമല്ല. കേരളത്തിലെ രോഗവ്യാപനമാണ് കാരണമെങ്കിൽ വന്ദേഭാരതിൽ വരുന്നവർക്ക് മാത്രം രോഗം വരാതിരിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. നിലവിൽ രോഗം ഇല്ലാത്ത ആൾക്കും ആഴ്ചകൾക്ക് ശേഷം വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവം എല്ലായിടത്തുമുണ്ട്. കേരളത്തിലും ഇത്തരം നിരവധി ഉദാഹരണങ്ങൾ ഉണ്ട്. ഖത്തറിൽ നിന്ന് വിവിധ കമ്പനികൾ ഏർപ്പാടാക്കിയ നിരവധി ചാർട്ടേഡ് വിമാനങ്ങൾ നിലവിൽ കേരളത്തിലേക്ക് പോയിട്ടുണ്ട്.
ഇതിലെ യാത്രക്കാരും മുൻകൂട്ടി കോവിഡ് പരിശോധനക്ക് വിധേയരായിട്ടില്ല. എന്നാൽ യാത്രക്കാർക്ക് ഫേസ് മാസ്കുകൾ അടക്കമുള്ള കർശന പ്രതിരോധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഖത്തർ എയർവേസിൽ പോയവർക്കാകട്ടെ ഇടവിട്ട് സീറ്റുകൾ ഒഴിച്ചിട്ടുമായിരുന്നു യാത്ര. എന്നാൽവന്ദേഭാരത് വിമാനത്തിൽ പോകുന്നവർക്കാകട്ടെ ശരീരോഷ്മാവ് പരിശോധന മാത്രമേയുള്ളൂ. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ ജൻമ നാട്ടിലേക്ക് മടങ്ങുന്നത് അവരുടെ അനിവാര്യത കൊണ്ട് മാത്രമാണെന്നും ചികിത്സ ഉദ്ദേശിച്ചാണെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഖത്തർ പ്രവാസി കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ നിസാർ കോച്ചേരി പറയുന്നു.വിദേശ രാജ്യങ്ങളിൽ യാത്രക്കാർക്ക് സ്വന്തമായി കോവിഡ് ടെസ്റ്റുകൾ നടത്താൻ പരിമിതിയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. പ്രവാസികൾ ടെസ്റ്റ് നടത്താൻ സന്നദ്ധമാണ്. സർക്കാർ എംബസിയുമായി ബന്ധപ്പെട്ട് അതത് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് മുഖേന അതിനു വേണ്ട മാർഗരേഖ തയ്യാറാക്കുകയാണ് വേണ്ടത്. ടെസ്റ്റിന് വേണ്ടി വരുന്ന ചെലവ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വഹിക്കുകയോ അർഹതപ്പെട്ടവർക്ക് ഐ.സി.ഡബ്ല്യു.എഫ് ഫണ്ടിൽ നിന്നും നൽകുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തറിൽ ആർക്കും സർട്ടിഫിക്കറ്റ് നൽകുന്നില്ല, യാത്രാവശ്യത്തിനുള്ള പരിശോധനയും ഇല്ല
നിലവിൽ ഖത്തറിൽ സർക്കാർ മേഖലയിൽ കോവിഡ് ലക്ഷണമുള്ളവർക്ക് പരിശോധന നടത്താൻ വൻസംവിധാനമുണ്ട്. എന്നാൽ രോഗലക്ഷണങ്ങളില്ലാത്തവർക്ക് പരിശോധന നടക്കുന്നില്ല. രാജ്യത്തെ സ്വകാര്യആശുപത്രികളിൽ കോവിഡ് പരിശോധനക്കുള്ള അനുമതി ഖത്തർ ആരോഗ്യമന്ത്രാലയം നൽകിയിട്ടുമില്ല. ഇതിനാൽ തന്നെ ഖത്തറിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് യാത്രക്കുമുേമ്പ കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന പൂർണമായും അപ്രായോഗികമാണ്.രോഗലക്ഷണമുണ്ടായവർക്കോ രോഗികളുമായി സമ്പർക്കമുണ്ടായവർക്കോ കോവിഡ് ടെസ്റ്റ് നടത്തുേമ്പാൾ അതിൻെറ ഫലം ഇന്നതാണ് എന്ന് കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഖത്തർ ആരോഗ്യമന്ത്രാലയം നൽകുന്നുമില്ല. മൊബൈലിൽ സന്ദേശം വരികയോ ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്ന് ആരോഗ്യപ്രവർത്തകർ പരിശോധനാഫലം അറിയിക്കുകയോ ആണ് ചെയ്യുന്നത്. കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസ് വന്നതോടെ മൊബൈലിൽ ഡൗൺലോഡ് ചെയ്ത ആപ്പിൽ പരിശോധനയുടെ ഫലം അറിയാനുമാകും. അല്ലാതെ ഫലം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന സർട്ടിഫിക്കറ്റ് നൽകുന്നുമില്ല. പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നേരിടുള്ള പരിശോധനക്ക് പോലും ഇത്തരം സർട്ടിഫിക്കറ്റ് നൽകുന്നില്ല.ഏതെങ്കിലും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് യാത്രപോകാനായുള്ള ആവശ്യത്തിനായോ മെഡിക്കൽ സർട്ടിഫിക്കറ്റിനായോ വരികയാണെങ്കിൽ കോവിഡ് പരിശോധന നടത്തരുതെന്ന് പ്രൈമറി ഹെൽത്ത് കോർപറേഷൻ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
ഇഹ്തിറാസ് ആപ്പ് പോരേ
ഖത്തർ സർക്കാർ ഇപ്പോൾ എല്ലാവർക്കും ഇഹ്തിറാസ് ആപ്പ് നിർബന്ധമാകിയിരിക്കുകയാണ്. പുറത്തിറങ്ങുന്ന എല്ലാവരുടെയും മൊബൈൽ ഫോണിൽ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. ആപ്പിൻെറ ബാർകോഡിൽ കോവിഡിൽ നിന്ന് മുക്തനാണ് എന്ന് കാണിക്കുന്ന പച്ച വർണം ഉള്ളയാൾക്ക് മാത്രമേ പുറത്തിറങ്ങാനാകൂ.
പൊതുആരോഗ്യക്ഷമതാ പരിശോധനയാണ് പ്രായോഗികമെന്ന് വിദഗ്ധർ
ഗൾഫിലെ നിലവിലെ സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ നടത്തി സർട്ടിഫിക്കറ്റ് നേടൽ അസാധ്യമാണ്. അഥവാ ടെസ്റ്റിൽ നെഗറ്റീവാണെന്ന് തെളിഞ്ഞാലും പിന്നീടും ഏത് നിമിഷവും വൈറസ് ബാധയേൽക്കാമെന്നും അതിനാൽ പൊതു ആരോഗ്യക്ഷമതാ പരിശോധനയാണ് അഭികാമ്യമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യാത്രയിലുടനീളം എയർപോർട്ടിലും വിമാനത്തിനുള്ളിലും വ്യക്തിഗത സുരക്ഷാവലയമൊരുക്കുന്ന പി.പി.ഇ കിറ്റ് ധരിക്കലാണ് ഒരുപരിധി വരെ രോഗപകർച്ചയിൽ നിന്ന് രക്ഷനേടാനുള്ള പ്രാഥമിക മാർഗം. യാത്രക്ക് തൊട്ടുമുമ്പ് ഏതെങ്കിലും ലൈസൻസ്ഡ് മെഡിക്കൽ പ്രാക്ടീഷണറുടെ പൊതു ആരോഗ്യ പരിശോധനക്ക്വിധേയനാവണമെന്ന നിബന്ധന പ്രായോഗികവും പ്രയോജനകരവുമാണ്. യാത്രക്ക് അനുയോജ്യമായ ആരോഗ്യസ്ഥിതിയുണ്ടോ, എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടോ എന്നും ഇതിലൂടെ അറിയാനാവുമെന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.