കോവിഡ്: നിയന്ത്രണം നീക്കൽ, വേണം കൂടുതൽ ജാഗ്രത
text_fieldsദോഹ: രാജ്യത്ത് കോവിഡ്–19 വ്യാപനം കുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരംഭിച്ചെങ്കിലും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിത്- പറയുന്നത് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. പുതിയ പോസിറ്റിവ് കേസുകൾ കുറയുന്നതിന്, വൈറസ് പൂർണമായും നീങ്ങിയെന്ന് അർഥമില്ല. വൈറസിെൻറ രണ്ടാം വരവ് ഇല്ലാതാക്കുന്നതിന് ജനങ്ങൾ കൂടുതൽ ജാഗ്രതയോടെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്–19 വ്യാപനം കുറയുന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ജനങ്ങൾ അലംഭാവം കാട്ടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രോഗവ്യാപനം കുറയുന്നതിനാൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടെന്ന മിഥ്യാധാരണ ജനങ്ങൾക്കിടയിലുണ്ട്. ഇതിലൂടെ അവർ സ്വയം അപകടത്തിലേക്ക് നീങ്ങുകയാണ്. വൈറസ് അതിെൻറ എല്ലാ ശക്തിയോടെയും നമുക്കിടയിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ്–19 രോഗത്തിെൻറ അപകടത്തോത് കുറഞ്ഞിട്ടില്ല.
മരണം വരെ സംഭവിക്കാൻ ഇനിയും സാധ്യതകളേറെയാണ്. സ്വയം അപകടത്തിലേക്ക് നീങ്ങുന്നതും അതിലൂടെ മറ്റുള്ളവരെ അപകടത്തിൽ പെടുത്തുന്നതും നമ്മളെല്ലാം ഒഴിവാക്കണമെന്നും ഡോ. അൽ മസ്ലമാനി വ്യക്തമാക്കി. ജനങ്ങളുടെ അലംഭാവം കാരണം കോവിഡ്–19െൻറ രണ്ടാം വരവ് മറ്റു രാജ്യങ്ങളിൽ സംഭവിച്ചതിന് നാം സാക്ഷികളാണ്. ആസ്ട്രേലിയ, ഹോങ്കോങ്, ജർമനി എന്നീ രാജ്യങ്ങൾ ഇപ്പോൾ കോവിഡ്–19െൻറ രണ്ടാം വ്യാപനത്തിനെതിരെ പോരാടുകയാണ്. മുൻകരുതൽ സ്വീകരിക്കുന്നതിലെ വീഴ്ചയാണിതിന് കാരണം. ആസ്ട്രേലിയയിലെ മെൽബണിൽ ഇപ്പോൾ ആറാഴ്ചത്തെ ലോക്ഡൗൺ നടപ്പാക്കിയിരിക്കുകയാണ്. കോവിഡ്–19െൻറ രണ്ടാം വരവ് ഖത്തറിൽ സംഭവിക്കുകയാണെങ്കിൽ വീണ്ടും ലോക്ഡൗൺ ആവശ്യമായി വരും. ഇത് കൂടുതൽ കടുത്തതാകുമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ഒരിക്കലും അലംഭാവം കാട്ടരുത്. സാമൂഹിക അകലം പാലിക്കുക, കൂടെക്കൂടെ കൈകൾ വൃത്തിയാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവയെല്ലാം കർശനമായി പാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.