ശാസ്ത്ര, സാങ്കേതിക മേഖലകളിലെ നിക്ഷേപം നിർണായകമായി
text_fieldsദോഹ: കോവിഡ് –19നെ നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഖത്തറിെൻറ നിക്ഷേപം വലിയ പങ്കുവഹിച്ചുവെന്ന് ഖത്തർ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. ദേശീയതലത്തിൽ എല്ലാ രംഗത്തും സുസ്ഥിര വികസനം ലക്ഷ്യംവെച്ചുള്ള മഹത്തായ പദ്ധതിയാണ് ഖത്തർ ദേശീയ മാർഗരേഖ 2030 എന്നും ഖത്തർ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിൽ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽ ഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്ര സാങ്കേതിക, നൂതന മേഖലകളിലെ ഖത്തറിെൻറ വലിയ നിക്ഷേപ പദ്ധതികൾ രാജ്യത്ത് കോവിഡ് –19നെ നിയന്ത്രിക്കുന്നതിനും നിർണായക ചുവടുവെപ്പുകൾ സ്വീകരിക്കുന്നതിനും പ്രാപ്തമാക്കിയിട്ടുണ്ട്. വികസന പദ്ധതികൾ സാക്ഷാത്കരിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ ഖത്തർ കൈക്കൊണ്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് –19 മഹാമാരി ആരംഭിച്ചത് മുതൽ വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങളില്ലാതെത്തന്നെ ഒാൺലൈൻ വിദ്യാഭ്യാസത്തിലൂടെ അത് തുടരാൻ ഖത്തറിനെ സഹായിച്ചതും അതിനായി ഇലക്േട്രാണിക് മാധ്യമങ്ങൾ തയാറാക്കിയതും ഈ രംഗത്തെ ഖത്തറിെൻറ മുന്നേറ്റങ്ങളാണെന്നും അവർ വ്യക്തമാക്കി. കോവിഡ് –19നെതിരായ പോരാട്ടം ദേശീയ തലത്തിൽ ഒതുക്കാതെ അന്താരാഷ്ട്ര തലത്തിലും ഖത്തർ തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനക്ക് ഖത്തറിെൻറ 10 മില്യൺ ഡോളർ വാഗ്ദാനവും വാക്സിൻ കണ്ടെത്തുന്നതിനായി 20 മില്യൺ ഡോളർ വാഗ്ദാനവും ഇതിൽ പ്രധാനപ്പെട്ടതാണെന്നും ശൈഖ ആൽ ഥാനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
