രാജ്യത്ത് രോഗവ്യാപന നിരക്ക് സ്ഥിരത കൈവരിക്കുന്നു
text_fieldsദോഹ: ഖത്തറിലെ കോവിഡ്–19 രോഗവ്യാപന നിരക്ക് സ്ഥിരതയിലേക്ക് നീങ്ങുകയാണെന്നും രോഗവ്യാപനവും അതിെൻറ പ്രത്യാഘാതവും 75 ശതമാനത്തോളം കുറക്കാൻ സാധിച്ചെന്നും ദേശീയ സാംക്രമിക രോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷനും എച്ച് .എം.സി സാംക്രമികരോഗവിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ. രാജ്യത്ത് കോവിഡ്–19 സ്ഥിരീകരിച്ച് മൂന്നുമാസം പിന്നിട്ടുവെന്നും സമൂഹത്തിെൻറ സഹകരണത്തിനും പ്രതിരോധ–മുൻകരുതൽ ശ്രമങ്ങൾക്കും ബോധവൽകരണത്തിനും ഈ സാഹചര്യത്തിൽ നന്ദി അറിയിക്കുകയാണെന്നും ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പുതിയ കേസുകളുമായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും സ്ഥിരത കൈവരിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം തുടരുമോ എന്ന കാര്യത്തിൽ അടുത്ത രണ്ട് ആഴ്ചക്കുള്ളിൽ ഉറപ്പുവരുത്താൻ സാധിക്കുമെന്നും ഡോ. അൽ ഖാൽ വ്യക്തമാക്കി. ശ്വാസകോശങ്ങളിൽ വെച്ച് 10 ദിവസങ്ങൾക്ക് ശേഷം വൈറസിന് വീര്യം കുറയുമെന്നാണ് പുതിയ മെഡിക്കൽ വിവരങ്ങൾ. അതിനാൽ വൈറസിന് രോഗം പരത്തുന്നതിനുള്ള ശേഷി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്തറിൽ കോവിഡ്ബാധിച്ച് ചികിൽസയിലായിരുന്ന നാലുപേർ കൂടി വെള്ളിയാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 49 ആയി. 90, 70, 62, 80 വയസുള്ളവരാണ് ഇന്നലെ മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരെല്ലാം മറ്റ് ദീർഘകാല അസുഖങ്ങൾ ഉള്ളവരായിരുന്നു.
ഇന്നലെ 1754 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1467പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. 40935 പേരാണ് ആകെ രോഗമുക്തർ. ആകെ 246362 പേർക്ക് പരിശോധന നടത്തിയപ്പോൾ 65495 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. നിലവിലുള്ള ആകെ രോഗികൾ 24511 പേരാണ്. 1717പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. 238 പേരാണ് തീവ്രപരിചരണവിഭാഗത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
