ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി ശനിയാഴ്ച മരിച്ചതോടെ ജനങ്ങൾ അതിജാഗ്രത പാലിക്ക ണമെന്ന് അധികൃതർ. നിലവിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്ക മേഖലകളിലും സർക്കാർ നിയന ്ത്രണമുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് നേരത്തേ നിരോധിച്ചിട്ടുണ്ട്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും രാജ്യത്ത് കൊറോണ വൈറസ്ബാധ അതിൻെറ ഏറ്റവും ഉയർന്നതലത്തിലാണെന്നും പൊതുജനാരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. സമ്പർക്കവിലക്കിന് പുറത്തുള്ളവർക്ക് രോഗം ബാധിക്കുന്നത് ആശങ്ക കൂട്ടുന്നുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ച ഇൻഡസ്ട്രിയൽ ഏരിയയുമായി ബന്ധപ്പെട്ടായിരുന്നു നേരത്തേ രോഗബാധ കൂടുതലും ഉണ്ടായിരുന്നത്. എന്നാൽ മലയാളികളടക്കം കൂടുതൽ ആളുകൾ എത്തുന്ന ചില വ്യാപാരസ്ഥാപനങ്ങളിൽ ജീവനക്കാർക്കടക്കം കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രോഗം സ്ഥിരീകരിക്കപ്പെടുന്നതിൽ നല്ലൊരുപങ്കും പ്രവാസി തൊഴിലാളികളാണ്.
ആദ്യഘട്ടത്തിൽ ഇറാനിൽ നിന്ന് വന്ന സ്വേദശി പൗരൻമാരിൽ മാത്രമായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നത്. എന്നാൽ ആഴ്ചക്ക് ശേഷം സെൻട്രൽ മാർക്കറ്റിലെയും ഒരു ഹൈപ്പർമാർക്കറ്റിലെയും പ്രവാസി തൊഴിലാളികൾക്ക് രോഗമുണ്ടായി. ഇതിനുശേഷമാണ് സമ്പർക്കവിലക്കിന് പുറത്തുള്ളവരിലും രോഗം പടരാൻ തുടങ്ങിയത്. ശനിയാഴ്ച 59കാരനാണ് മരിച്ചത്. കൊറോണ ൈവറസ് ബാധിച്ച ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 345പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ ചികിൽസയിലുള്ളവർ 4490 ആണ്. ശനിയാഴ്ച 46പേർക്കുകൂടി രോഗമുക്തി ഉണ്ടായിട്ടുണ്ട്. ആകെ 510 പേർക്കാണ് രാജ്യത്ത് രോഗം ഭേദമായത്. ആകെ 60139പേരെ പരിശോധിച്ചപ്പോൾ 5008 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. എട്ട്പേരാണ് ഇതുവരെ ഖത്തറിൽ മരണപ്പെട്ടത്. ഒരു സ്വദേശിയും ആറ് പ്രവാസികളും നേരത്തേ മരിച്ചിരുന്നു. മാർച്ച് 28ന് ബംഗ്ലാദേശ് പൗരനാണ് ആദ്യമായി കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുന്നത്. പിന്നീട് മാർച്ച് 31നും ഒരു പ്രവാസി മരിച്ചു. 85 വയസുകാരനായ മറ്റൊരു പ്രവാസി ഏപ്രിൽ രണ്ടിനും മരിച്ചു. 88കാരനായ സ്വദേശി പൗരൻ ഏപ്രിൽ അഞ്ചിനാണ് മരിച്ചത്. ഏപ്രിൽ ഏഴിന് 74ഉം 59ഉം പ്രായമുള്ള പ്രവാസികളും മരണപ്പെട്ടു. ഏപ്രിൽ 12ന് 42കാരനായ പ്രവാസിയും മരിച്ചു.