ഖത്തർ കോവിഡ് സഹായമെത്തിച്ചത് 80ലധികം രാജ്യങ്ങളിലേക്ക്
text_fieldsവിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽ മുറൈഖി സി.ഐ.സി.എ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുന്നു
ദോഹ: കോവിഡ്-19 കാലത്ത് മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഖത്തർ സഹായം നൽകിയത് 80ലധികം രാജ്യങ്ങൾക്ക്. 88 ദശലക്ഷം ഡോളറിെൻറ കോവിഡ്-19 പ്രതിരോധ സഹായമാണ് ഖത്തർ വിവിധ രാജ്യങ്ങളിലേക്കായി എത്തിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽ മുറൈഖി പറഞ്ഞു. കോവിഡ്-19 പ്രത്യാഘാതങ്ങൾ മറികടക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾക്കായി 47 രാജ്യങ്ങൾ ഉൾപ്പെടുന്ന ഐക്യരാഷ്ട്രസഭ വികസന പരിപാടിയുമായി സഹകരിച്ചും ഖത്തർ കർമരംഗത്തുണ്ടെന്നും സുൽത്താൻ സഅദ് അൽ മുറൈഖി കൂട്ടിച്ചേർത്തു.
കോൺഫറൻസ് ഒാൺ ഇൻററാക്ഷൻ ആൻഡ് കോൺഫിഡൻസ്-ബിൽഡിങ് മെഷേഴ്സ് ഇൻ ഏഷ്യ (സി.ഐ.സി.എ) അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ മന്ത്രിതലയോഗത്തിൽ വിഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.സി.എയുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. സമിതിയുടെ നിരവധി പ്രവർത്തനങ്ങളിൽ ഖത്തർ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ദുശാൻബെയിൽ നടന്ന അഞ്ചാമത് ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തിരുന്നതായും അൽ മുറൈഖി വ്യക്തമാക്കി.
കോവിഡ്-19നെ തുടർന്ന് മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികളും പ്രതിസന്ധികളുമാണ് ലോകം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കാൻ അന്താരാഷ്ട്ര സഹകരണവും പരസ്പരം ഒരുമിച്ചുള്ള പ്രവർത്തനങ്ങളും അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കുന്നതിന് ഒരുമിച്ചിരുന്നുള്ള ചർച്ചകൾ മാത്രമാണ് പോംവഴി. മതങ്ങൾക്കും സംസ്കാരങ്ങൾക്കും നാഗരികതകൾക്കുമിടയിലെ ഭിന്നതകൾ നീക്കുന്നതിനും സഹവർത്തിത്വം കൊണ്ടുവരുന്നതിനും സംവാദങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിെൻറ വികസനത്തെ മുരടിപ്പിക്കുന്ന, വളർച്ചക്ക് വിഘാതം നിൽക്കുന്ന തീവ്രവാദം, ഭീകരവാദം, അക്രമം തുടങ്ങിയവയെ ഖത്തർ എതിർക്കുന്നുവെന്നും വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.