കോവിഡ് ചികിൽസ: പ്ലാസ്മ സ്വീകരിച്ചത് 170ലധികം രോഗികൾ
text_fieldsദോഹ: കോവിഡ്-19 ബാധിച്ച 170ലധികം രോഗികൾ കോൺവാലസെൻറ് പ്ലാസ്മ ചികിത്സക്ക് വിധേയമായതായും അവരിൽ പകുതി പേരിലും രോഗ ലക്ഷണങ്ങൾ കുറഞ്ഞുവരുകയും പിന്നീട് രോഗമുക്തരാകുകയും ചെയ്തതായി കമ്യൂണിക്കബിൾ ഡിസീസ് സെൻറർ (സി.ഡി.സി) അറിയിച്ചു. കോവിഡ്-19 രോഗമുക്തി നേടിയ വ്യക്തിയിയിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡികൾ നിലവിൽ കോവിഡ്-19 ചികിത്സയിലുള്ളവർക്ക് നൽകുകയും അത് വഴി അവരുടെ പ്രതിരോധശേഷി വർധിക്കുകയും രോഗമുക്തമാകുകയും ചെയ്യുന്നതാണ് കോൺവാലസെൻറ് പ്ലാസ്മ (സി പി) ചികിത്സ.
കോവിഡ്-19 രോഗമുക്തി നേടിയവരുടെ പ്ലാസ്മ ഉപയോഗിച്ച് ഒന്ന് മുതൽ രണ്ടു വരെ രോഗികൾക്ക് ചികിത്സ നൽകാൻ സാധിക്കും. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എച്ച്.എം.സിക്ക് കീഴിലെ സി.ഡി.സിയിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വകുപ്പുമായി സഹകരിച്ച് പ്ലാസ്മ സെൻറർ തുറന്നിട്ടുണ്ട്.
അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
രക്തത്തിൽ നിന്നും നേരിട്ട് പ്ലാസ്മ വേർതിരിക്കുന്ന ഉപകരണം പ്ലാസ്മ വേർതിരിക്കുകയും അതേസമയം തന്നെ ദാതാവിലേക്ക് മറ്റു ഘടകങ്ങൾ തിരികെയെത്തിക്കുകയും ചെയ്യുന്നു. ദീർഘകാല ഉപയോഗങ്ങൾക്കായി പ്ലാസ്മ പ്രിസർവേഷൻ ഉപകരണവും സെൻററിൽ സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്മ ചികിത്സക്ക് വിധേയമായ രോഗികളിലെ ഓക്സിജെൻറ അളവ് മെച്ചപ്പെടുത്തുന്നതിന് ചികിത്സ സഹായിച്ചിട്ടുണ്ട്. കൂടാതെ, പ്രതിരോധശേഷി നിലനിർത്തുന്ന ലിംഫോസൈറ്റുകളുടെ പ്രവർത്തനക്ഷമത വർധിച്ചതായും നെഞ്ച് എക്സ്-റേ മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കുന്നു. മെക്കാനിക്കൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടതോ എക്സ്ട്രാ കോർപോറിയൽ മെംേബ്രൻ ഓക്സിജൻ ചികിത്സക്ക് വിധേയമാക്കപ്പെട്ടതോ ആയ രോഗികൾക്കാണ് പ്ലാസ്മ ചികിത്സ നൽകുന്നതെന്നും പ്ലാസ്മ ചികിത്സയിലൂടെ 50 ശതമാനം രോഗമുക്തി നേടിയതായും രോഗം നേരത്തേ കണ്ടെത്തി മതിയായ ചികിത്സ നൽകുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സി.ഡി.സി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.
കോൺവാലസെൻറ് പ്ലാസ്മ ചികിത്സക്കായി പ്ലാസ്മ ദാനം ചെയ്തവർക്ക് നന്ദി പറയുകയാണ്. നിങ്ങളുടെ പ്രവൃത്തിയിലൂടെ രക്ഷപ്പെടുന്നത് ഓരോ ജീവനുകളാണെന്നും ഡോ. മുന അൽ മസ്ലമാനി പറഞ്ഞു. ഏറ്റവും പുതിയ േപ്രാട്ടോകോൾ പ്രകാരം രോഗലക്ഷണങ്ങളില്ലെങ്കിൽ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും രോഗികളെ 14 ദിവസത്തിന് ഡിസ്ചാർജ് ചെയ്യുകയാണ്. പിന്നീട് 28 ദിവസങ്ങൾക്കുശേഷം അവർ പ്ലാസ്മ ദാനം ചെയ്യാൻ യോഗ്യരാണ്. എന്നാൽ, ചികിത്സക്ക് മതിയായ ആൻറിബോഡികൾ അവരുടെ ശരീരത്തിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയും ഏതെങ്കിലും രോഗബാധയിൽനിന്ന് മുക്തമാണെന്ന് ഉറപ്പുവരുത്തിയുമായിരിക്കും പ്ലാസ്മ സ്വീകരിക്കുക. കോവിഡ്-19 ബാധിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്ത താൻ പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അത് വഴി മറ്റു രോഗികൾക്ക് രോഗശമനം ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും പ്ലാസ്മ ദാനം ചെയ്ത മുഹമ്മദ് അബ്്ദുൽ സലീം പറയുന്നു. രോഗമുക്തി നേടിയവരെല്ലാം യോഗ്യരാണെങ്കിൽ പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ട് വരണമെന്നാവശ്യപ്പെടുകയാണെന്നും അതുവഴി മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കുമെന്നും പ്ലാസ്മ ദാനം ചെയ്ത മറ്റൊരാളായ അബ്്ദുൽ ലത്തീഫ് പറഞ്ഞു.
കോവിഡ്-19 പ്രതിരോധത്തിൽ വളരെ നിർണായക ചികിത്സാ രീതിയാണിതെന്നും മെഡിക്കൽ സംഘത്തിന് കോവിഡ്-19നെ തടഞ്ഞു നിർത്താൻ ഇത് സഹായിക്കുമെന്നും, നിലവിൽ കോവിഡ്-19 ചികിത്സക്കായി നൽകുന്ന മരുന്നുകൾ ക്ലിനിക്കൽ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മറിച്ച് ലോകത്തുടനീളമുള്ള മെഡിക്കൽ സംഘങ്ങൾ നടത്തിയ പൊതുനിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഡോ. മുന അൽ മസ്ലമാനി നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
