കോവിഡ്: ആശങ്ക വേണ്ട; കരുതൽ തുടരണം –ആരോഗ്യ മന്ത്രാലയം
text_fieldsഡോ. ജമീല അൽ അജ്മി
ദോഹ: ഖത്തറിൽ കോവിഡ് കേസുകളിൽ ഈയിടെയുണ്ടാകുന്ന വർധനയിൽ ആശങ്കവേണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ കോർപറേറ്റ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജമീല അൽ അജ്മി അറിയിച്ചു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണ് രോഗത്തിെൻറ പുതിയ വകഭേദം പടരുന്നതും കോവിഡ് കേസുകളിലെ വർധനയുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട ട്വിറ്റർ വിഡിയോയിൽ ഡോ. അൽ അജ്മി വ്യക്തമാക്കി. എന്നാൽ, ആശങ്കയും പരിഭ്രാന്തിയും വേണ്ടെന്നും അവർ സൂചിപ്പിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ സമൂഹത്തിന് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും ഇതിനായി മൂന്നു പ്രധാന ചുവടുവെപ്പുകൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒന്ന്, വാക്സിനെടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കുകയും ബൂസ്റ്റർ ഡോസ് വാക്സിന് യോഗ്യരായവർ ഒട്ടും വൈകിക്കുകയും ചെയ്യരുത്. രണ്ടാമതായി, കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലോ അല്ലെങ്കിൽ രോഗിയുമായി നേരിട്ട് ഇടപഴകിയാലോ രോഗ പരിശോധന ഉടൻ നടത്തുക. അവസാനമായി, സാമൂഹിക അകലം പാലിക്കുക, തുടർച്ചയായി കൈകൾ വൃത്തിയാക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ കൃത്യമായി പാലിക്കുക എന്നും രോഗം പകരുന്നത് തടയുന്നതിൽ ഇവ നിർണായക ഘടകങ്ങളാണെന്ന് ശാസ്ത്രം തെളിയിച്ചതാണെന്നും അവർ വിശദീകരിച്ചു. സ്കൂൾ, യൂനിവേഴ്സിറ്റികൾ, പള്ളികൾ തുടങ്ങി അടച്ചിട്ട സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
158 രോഗികൾ; 113 രോഗമുക്തി
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. 12 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. 113 പേരാണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 2255. ഇന്നലെ 19,834 പേർ പരിശോധനക്കു വിധേയരായി. നിലവിൽ 71 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ആറു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 11 പേരുമുണ്ട്. ചൊവ്വാഴ്ച 9327 ഡോസ് വാക്സിൻകൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 50.28 ലക്ഷം ഡോസ് വാക്സിൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

