ശൈത്യകാലത്ത് കോവിഡ് രണ്ടാം വരവിന് സാധ്യത കൂടുതൽ
text_fieldsദോഹ: വരാനിരിക്കുന്ന ശൈത്യകാലത്ത് കോവിഡ്-19െൻറ രണ്ടാം വരവിന് സാധ്യതകളേറെ. ഓക്സ്ഫഡ് സർവകശാല മെഡിസിൻ വിഭാഗത്തിലെ റീജിയസ് പ്രഫസറായ സർ ജോൺ ബെലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ശൈത്യകാലം അടുത്തെത്തിയിരിക്കുന്നുവെന്നും കോവിഡ്-19നൊപ്പം പകർച്ചപ്പനിയുടെ പ്രയാസങ്ങളുമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോവിഡ്-19െൻറ രണ്ടാം വരവിന് സാധ്യതയുണ്ട്. പ്രത്യേകിച്ചും കാര്യക്ഷമമായ വാക്സിനുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രണ്ടാം വരവിനെ പ്രതിരോധിക്കാൻ മതിയായ സമയം ലഭിക്കുകയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.രാജ്യത്ത് ജനങ്ങൾ കോവിഡ്-19 മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ കോവിഡ്-19െൻറ രണ്ടാം വരവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോവിഡ്-19 മുന്നറിയിപ്പുകളും മുൻകരുതലുകളും അവഗണിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടയാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ബലിപെരുന്നാളിനുശേഷം പൊതുജനങ്ങൾക്കിടയിൽ രോഗവ്യാപനമുണ്ടായിട്ടുണ്ടെന്നും മുൻകരുതലുകൾ പാലിക്കുന്നതിലെ വീഴ്ചയാണിതിന് കാരണമെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ നേരേത്ത അറിയിച്ചിരുന്നു. സുരക്ഷാമുൻകരുതലുകൾ പാലിക്കാത്തതും കുടുംബസന്ദർശനവും സൗഹൃദ ഒത്തുചേരലുകളും രോഗവ്യാപനത്തിന് ആക്കം കൂട്ടിയിരുന്നു. രോഗവ്യാപനം തുടരുകയാണെങ്കിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിെൻറ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതിദിന കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കുറവുണ്ടായിട്ടുണ്ട്. എന്നാൽ, സ്വദേശികൾക്കിടയിലും പ്രഫഷനലുകൾക്കിടയിലും രോഗവ്യാപനം സംഭവിക്കുന്നതിൽ പൊതുജനാരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊറോണ വൈറസിെൻറ വ്യാപനത്തെ സ്വാധീനിക്കുമെന്നും കനത്ത ചൂടും ഹ്യുമിഡിറ്റിയും വൈറസിനെ ദുർബലമാക്കുമെന്നും ഖത്തർ ഫൗണ്ടേഷെൻറ കീഴിലുള്ള ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ക്യു.ഇ.ഇ.ആർ.ഐ) ശാസ്ത്രജ്ഞനായ ജിയോവാനി സാബിയ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച പഠനത്തിെൻറ വെളിച്ചത്തിലായിരുന്നു ഇത്.
എന്നാൽ, അന്തരീക്ഷത്തിലെ ചൂട് കാരണം വൈറസ് പൂർണമായും അപ്രത്യക്ഷമാകുമെന്നത് തീർത്തും തെറ്റാണ്. ചൂടുള്ള അന്തരീക്ഷത്തിലും മുൻകരുതലുകൾ പാലിക്കണം.കാലാവസ്ഥാ സാഹചര്യങ്ങൾ വൈറസിെൻറ ശക്തിയെ കുറക്കും. ചൂടുകാലം അതിെൻറ വ്യാപനത്തിൽ കുറവ് വരുത്തും. ലോകത്ത് കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണ്.ഖത്തറിനൊപ്പംതന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണനിരക്കിൽ ലോകത്ത് മുന്നിലുണ്ട്. മരണനിരക്ക് 0.1 ശതമാനത്തിലും താഴെയാണ് ഈ കുഞ്ഞുരാജ്യങ്ങളിൽ.
രോഗം മാറുന്നവരുടെ എണ്ണവും ഖത്തറിൽ ദിനേന കൂടുന്നുണ്ട്. രോഗം അതിജീവിക്കുന്നത് രാജ്യത്ത് കൂടിവരുന്നതിന് പിന്നിലുള്ള ശക്തി ഖത്തറിെൻറ മികവുറ്റ ആരോഗ്യസംവിധാനമാണ്.പ്രധാനമായും പരിശോധന, വയസ്സ്, തീവ്രപരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണനിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങൾ.
ഖത്തറിൽ കോവിഡ് ബാധിതരിൽ അധികപേരും 25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽതന്നെ രാജ്യത്തെത്തിയ പ്രവാസികളാണ് അധികവും. യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തന്നെ ശാരീരിക പരിശോധനകൾക്കു വിധേയമാകുന്നതും രോഗേത്താട് പൊരുതിനിൽക്കാൻ പര്യാപ്തമാക്കുന്ന ഘടകമാണ്. ഏതായാലും നിലവിൽ രാജ്യത്ത് ചൂടുകാലമാണ്.വരാനിരിക്കുന്ന തണുപ്പുകാലത്തും ജാഗ്രത കൈവിടാതെയിരുന്നാൽ വൈറസ് ഭീഷണി ഇല്ലാതാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.