കുട്ടികൾക്ക് വക്റയിൽ കോവിഡ് ആശുപത്രി
text_fieldsഅൽ വക്റ ആശുപത്രി
ദോഹ: രാജ്യത്ത് കോവിഡ് പടരുന്നതിനിടെ കുട്ടികൾക്കായി പ്രത്യേക കോവിഡ് പരിശോധന കേന്ദ്രം തയാറാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ. അൽ വക്റ ആശുപത്രി കാമ്പസിലെ പീഡിയാട്രിക് സെന്ററിനെയാണ് കുട്ടികൾക്കുള്ള കോവിഡ് പരിശോധന കേന്ദ്രമായി മാറ്റിയത്. അടിയന്തര ഘട്ടത്തിൽ ചികിത്സ വേണ്ടിവരുന്ന കുട്ടികൾക്കുളള ചികിത്സ സൗകര്യം ഇവിടെ ലഭ്യമാക്കിയാണ് പരിഷ്കരണം. കോവിഡ്വ്യാപന പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിലും രോഗം കാണുന്നതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികിച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്നതിനാണ് ഇതെന്ന് അധികൃതർ അറിയിച്ചു. 39 കിടക്കകളും നാല് ഐ.സി.യു കിടക്കകളും 22 പേർക്ക് നിരീക്ഷണത്തിൽ കഴിയാനുമുള്ള സൗകര്യങ്ങളും ഉണ്ട്. ആവശ്യമെങ്കിൽ 140ലേറെ രോഗികളെവരെ ഉൾക്കൊള്ളാനുള്ള ചികിത്സ സംവിധാനവും ഇവിടെയുണ്ട്.
ഖത്തറിലെ കുട്ടികളുടെ ഏക കോവിഡ് ആശുപത്രി കൂടിയാണ് അൽ വക്റ പീഡിയാട്രിക് സെന്റർ. രണ്ടു തരത്തിലാണ് ഇവിടെ ചികിത്സ സൗകര്യം ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പരിശോധിച്ച് ചികിത്സ നിർദേശിച്ച ശേഷം വീട്ടിലെ ഹോം ഐസൊലേഷനിലേക്ക് റഫർചെയ്യുന്ന സംവിധാനമാണ് ആദ്യത്തേത്. കൂടുതൽ സങ്കീർണമായ കേസുകളിൽ അഡ്മിറ്റ് ചെയ്യാനും നിരീക്ഷിക്കാനുമുള്ള സൗകര്യവുമുണ്ട്. കോവിഡ് സംബന്ധമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ എച്ച്.എം.സിയുടെ നാല് പീഡിയാട്രിക് എമർജൻസി സെന്ററുകളായ അൽ സദ്ദ്, അൽ ദായിൻ, എയർപോർട്ട്, അൽ റയാൻ എന്നിവടങ്ങളിലോ പി.എച്ച്.സി.സികളിലോ എത്തി കോവിഡ് പരിശോധന നടത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.