കോവിഡ്: തീവ്ര പരിചരണ സൗകര്യങ്ങൾ വിപുലീകരിച്ച് എച്ച്.എം.സി
text_fieldsദോഹ: കോവിഡ്–19നെതിരായ പോരാട്ടത്തിൽ ഖത്തർ വളരെയേറെ മുൻപന്തിയിലാണെന്നും രാജ്യത്തെ തീവ്ര പരിചരണ സംവിധാനം ഏറെ വിപുലീകരിച്ചതായും ഹമദ് മെഡിക്കൽ കോർപറേഷൻ ഐ.സി.യു ആക്ടിംഗ് ചെയർമാൻ ഡോ. അഹമദ് അൽ മുഹമ്മദ് പറഞ്ഞു. കോവിഡ്–19നെതിരായ പോരാട്ടത്തിൽ നിലവിലുണ്ടായിരുന്ന സാധ്യതകളെയും മാനുഷിക ശേഷിയെയും പുനർവിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കോവിഡ്–19 കേസ് സ്ഥിരീകരിച്ചത് മുതൽ ആശുപത്രിയുടെ ശേഷി വികസിപ്പിക്കുന്നതിലും സാധ്യതകൾ വിപുലീകരിക്കുന്നതിലും എച്ച്. എം.സി വ്യക്തമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രോഗികളെയും മെഡിക്കൽ ജീവനക്കാരെയും ഒരുപോലെ സംരക്ഷിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് ഈ പദ്ധതികൾ ഏറെ സഹായിച്ചെന്നും ഡോ. അഹ്മദ് അൽ മുഹമ്മദ് സൂചിപ്പിച്ചു. കോവിഡ്–19 പ്രതിസന്ധിയിൽ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷയാണ് രാജ്യം നൽകുന്നത്. കോവിഡ്–19 കാരണം ആശുപത്രിക്ക് പുറത്ത് താൽകാലികമായി മാറ്റി നിർത്തിയിരിക്കുന്ന ശാരീരിക അവശതകൾ അനുഭവിക്കുന്ന രോഗികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയിൽ നിന്ന് അവരെ സംരക്ഷിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. കൂടാതെ കോവിഡ്–19 രോഗികൾക്കായി കൂടുതൽ കിടക്കകൾ സജ്ജമാക്കുന്നതിനും തീവ്ര പരിചരണമടക്കം ആശുപത്രിയുടെ പരിരക്ഷാശേഷി വർധിപ്പിക്കാനും ഇത് തുണയായെന്നും വിശദമാക്കി.
നമ്മുടെ നിലവിലെ റിസോഴ്സുകൾ പുന: ക്രമീകരിച്ചതിലൂടെ 700 ഐ.സി.യു കിടക്കകളടക്കം 2900 പുതിയ കിടക്കകളാണ് സജ്ജമാക്കാൻ സാധിച്ചത്. റാസ് ലഫാൻ, മിസൈദ് എന്നിവിടങ്ങളിലെ പുതിയ ആശുപത്രികളടക്കം അഞ്ച് ആശുപത്രികളാണ് അത്യാധുനിക സംവിധാനങ്ങളുമായി സജ്ജമായിട്ടുള്ളത്. ഇതിനകം 300 രോഗികളെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. കൃത്യമായ സമയത്ത് കൃത്യമായ മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ രോഗികൾക്കും മികച്ച ചികിത്സയാണ് എച്ച്.എം. സി നൽകുന്നത്. ഇപ്പോൾ കോവിഡ്–19 രോഗികൾക്ക് മതിയായ ആശുപത്രി സൗകര്യങ്ങൾ ഇവിടെയുണ്ട്. രോഗ വ്യാപനം തടയുന്നതിൽ പൊതുജനങ്ങളുടെ സഹകരണം ഇനിയും അനിവാര്യമാണ്. കോവിഡ്–19 രോഗികൾക്ക് വേണ്ടി മാത്രമുള്ള അഞ്ച് ആശുപത്രികളിലും ഏറ്റവും മികച്ച വിദഗ്ധരായ പരിചയസമ്പന്നരായ മെഡിക്കൽ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നതെന്നും ഹസം മിബൈരീക് ജനറൽ ആശുപത്രി ആക്ടിംഗ് മെഡിക്കൽ ഡയറക്ടർ കൂടിയായ ഡോ. അഹ്മദ് അൽ മുഹമ്മദ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
