നിരന്തരം വിളിക്കണം, ക്വാറൻറീനിൽ കഴിയുന്നവരെ
text_fieldsദോഹ: കോവിഡ്–19 കാരണം ക്വാറൻറീനിൽ കഴിയുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലർത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.കോവിഡ്–19 സ്ഥിരീകരിക്കപ്പെട്ടവർ അവരുടെ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പരിചരണം അർഹിക്കുന്നുണ്ട്. അവരുമായി ഫോണിലോ വിഡിയോ ചാറ്റിലോ നിരന്തരം ബന്ധം പുലർത്തണം. സന്ദേശങ്ങളയച്ച് അവരുടെ സുഖവിവരങ്ങൾ എപ്പോഴും തിരക്കണം. ഇതിലൂടെ അവർക്ക് മാനസിക പിന്തുണ നൽകണമെന്നും എച്ച്.എം.സി നിർദേശിച്ചു. സമ്പർക്ക വിലക്ക് സമയങ്ങളിൽ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകണം.
അതിനനുസരിച്ച് അവരുമായി ബന്ധം പുലർത്തണം. അവരെ നമ്മൾ മനഃപൂർവമല്ലാതെ വിളിക്കാതിരുന്നാൽപോലും അത് അവർക്കുണ്ടാക്കുന്ന മാനസികപ്രയാസങ്ങൾ ഏറെയായിരിക്കും. ഇക്കാര്യത്തിൽ ക്വാറൻറീനിൽ കഴിയുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ തങ്ങളുടെ മാനസികാരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സന്തുലിതമായ ആഹാരം കഴിക്കണം. കുടുംബങ്ങളുമായും കൂട്ടുകാരുമായും ഡിജിറ്റൽ മാർഗങ്ങളിലൂടെ ബന്ധപ്പെടണം. കൃത്യമായ സമയങ്ങളിൽ ഉറങ്ങണം. ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങളിൽ അമിതമായ ഉത്കണ്ഠയും ഭയവും സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എച്ച്.എം.സി ചൂണ്ടിക്കാട്ടി. കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ മാനസികമായി നല്ല ധൈര്യത്തോടെയിരിക്കണം.
മനസ്സ് പോസിറ്റിവായാൽ കോവിഡ് പെട്ടെന്ന് തന്നെ നെഗറ്റിവുമാകും. കോവിഡ്–19 ബാധിതനായ രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിൽ പോസിറ്റിവ് മാനസികാവസ്ഥക്ക് വലിയ പങ്കുണ്ട്. രോഗം ബാധിക്കുന്നതോടെ അധികപേരും മാനസിക സമ്മർദങ്ങളാലും അമിതമായ ഉത്കണ്ഠയാലും പ്രയാസമനുഭവിക്കുന്നവരാണ്. രോഗബാധിതരായാലുള്ള ഐസൊലേഷനും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം.
മാനസികമായ പ്രശ്നങ്ങൾ രോഗിയുടെ ശരീര പ്രതിരോധ സംവിധാനത്തെ ബാധിക്കും.സമ്മർദം വർധിപ്പിക്കും. രോഗബാധിതരുടെ മനസ്സ് പോസിറ്റിവായിരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. രോഗമുക്തരായവരുടെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഇവരോട് ഫോൺ വഴി സംസാരിക്കുകയോ അവരുടെ അനുഭവങ്ങൾ കേൾപ്പിക്കുകയോ ചെയ്ത് രോഗികളിൽ ആത്മവിശ്വാസം പകരണം.
രോഗികൾ അവരുടെ ദൗർബല്യങ്ങളെക്കുറിച്ചും ബലഹീനതകളെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ചും ചിന്തിച്ച് സമ്മർദത്തിലാകരുത്.പകരം, രോഗിയുടെ ശക്തിയും ആരോഗ്യത്തെയും രോഗമുക്തരെയും കുറിച്ച് ചിന്തിച്ച് മനസ്സിനെ പോസിറ്റിവായി നിലനിർത്തണം. അതുവഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കണം.മെഡിക്കൽ വിദഗ്ധരുടെ ഉപദേശങ്ങൾ ആവശ്യമാണെങ്കിൽ 16,000 എന്ന നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.