കോവിഡ്: രോഗമുക്തർ 1123
text_fieldsദോഹ: തുടർച്ചയായ ദിനങ്ങളിൽ കൂടിവന്ന കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം വ്യാഴാഴ്ച താഴ്ന്നുതുടങ്ങി. ഒപ്പം, രോഗമുക്തരുടെ എണ്ണം വർധിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിനം ഉയർന്നുയർന്നുവന്ന രോഗബാധിതരുടെ എണ്ണം ചെറുതെങ്കിലും വ്യാഴാഴ്ച മുൻദിവസത്തേക്കാൾ കുറഞ്ഞത് ആശ്വാസമായി. 4187 പേർക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 4206 പേർക്കായിരുന്നു രോഗം. രണ്ടു മരണവും കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. 84 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 623 ആയി.
3748 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ . 439 പേർ വിദേശങ്ങളിൽനിന്ന് വന്നവരാണ് . 1123 പേരാണ് രോഗമുക്തരായത്. 34,775 പേർ നിലവിൽ രോഗബാധിതരായുണ്ട്. 24 മണിക്കൂറിനിടെ 38,982 പേർ പരിശോധനക്ക് വിധേയരായി. തീവ്രപരിചരണ വിഭാഗത്തിൽ 67 പേർ ചികിത്സയിലുണ്ട്. എട്ടു പേരെ വ്യാഴാഴ്ച പ്രവേശിപ്പിച്ചതാണ്. ആശുപത്രികളിൽ 555 പേരും ചികിത്സയിലുണ്ട്. 49 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച 27,690 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. നിലവിൽ 53.72 ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്. 3.89 ലക്ഷം ബൂസ്റ്റർ ഡോസും കുത്തിവെച്ചു.
കോവിഡ് സുരക്ഷാ ലംഘനം; 24 കമ്പനികൾക്ക് പിഴ
ദോഹ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനത്തിന് 24 സ്ഥാപനങ്ങൾക്കെതിരെ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു. കമ്പനിക്കുള്ളിൽ കോവിഡ് നിയന്ത്രണങ്ങൾപാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ സ്വീകരിച്ചില്ല, മാസ്ക് അണിഞ്ഞില്ല, സാനിറ്റൈസർ ലഭ്യമാക്കിയില്ല തുടങ്ങിയ പിഴവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർക്കശമാക്കിയ നിയന്ത്രണങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയുന്നതിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ലുസൈൽ, അൽ ഖറൈതിയാത്, അൽ ഷഹാനിയ തുടങ്ങിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന തുടരുമെന്നും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കുമെന്നും അറിയിച്ചു.