ദോഹ: അടുത്ത ആറു മാസത്തേക്ക് ഭക്ഷ്യ, മെഡിക്കല്‍ വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവയില്‍ ഇളവ് നൽകി. ജനറല്‍ അതോറ ിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചതാണ് ഇക്കാര്യം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുവ ഇളവ് നൽകിയത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക രംഗത്തെ ബാധിക്കാതിരിക്കാനാണ് തീരുമാനം. ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറന്‍സിൻെറ നദീബ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 905 ചരക്കുകളുടെ തീരുവയും ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് റദ്ദാക്കിയിട്ടുണ്ട്.
മാംസം, മത്സ്യം, പാലും പാലുത്പന്നങ്ങളും, പാല്‍ക്കട്ടി, പയർ, എണ്ണ, പലഹാരം, പഴച്ചാറുകള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ക്കും മാസ്ക്, സ്റ്റെറിലൈസര്‍, സോപ്പ് ഉത്പന്നങ്ങള്‍, ഡിറ്റര്‍ജൻറ്, സ്റ്റെറിലൈസേഷന്‍ വൈപ്, വ്യക്തിഗത ഉപയോഗത്തിനുള്ള ശുചിത്വ വസ്തുക്കള്‍ തുടങ്ങിയവക്കുമാണ് തീരുവ ഇളവ് അനുവദിച്ചിരിക്കുന്നത്. www.customs.gov.qa എന്ന വെബ്സൈറ്റില്‍ തീരുവ ഇളവുള്ള വസ്തുക്കള്‍ ഏതെന്ന് കാണാം.