കോവിഡ്: ഗൾഫിലെ പ്രമുഖ സ്ഥാപനങ്ങളിലടക്കം പ്രതിസന്ധി, പിരിച്ചുവിടൽ
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് മേഖലയിലെ പ്രധാന സ്ഥാപനങ്ങളിലടക്കം പ്രതിസന്ധിയും പിരിച്ചുവിടലും. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തറിലെ എല്ലാ സ്ഥാപനങ്ങളിലും നിലവിൽ 20 ശതമാനം ജീവനക്കാർ മാത്രമേ ഓഫിസുകളിലെത്തി ജോലി ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. കോവിഡിനൊപ്പം എണ്ണപ്രകൃതി വാതക മേഖലയിലുണ്ടായ വിലയിടിവും പ്രതിസന്ധിയും ഗൾഫിലെ പ്രമുഖ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനാൽ മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയോ വെട്ടിക്കുറക്കുകയോ ആണ്.
കോവിഡ്–19 പ്രതിസന്ധിയും എണ്ണ, പ്രകൃതി വാതക ആവശ്യകതയിലുണ്ടായ ഇടിവും കാരണം ഖത്തർ പെട്രോളിയം (ക്യു.പി) ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഖത്തർ ഊർജ മന്ത്രിയും ഖത്തർ പെട്രോളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശരീദ അൽ കഅബി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആഗോള തലത്തിലെ കോവിഡ്–19 പ്രതിസന്ധി എണ്ണവിലയിൽ ഇടിവ് വരുത്തിയിരിക്കുന്നു. ഇത് ഉൽപാദനം കുറക്കുന്നതിന് കാരണമായെന്നും അൽ കഅ്ബി വ്യക്തമാക്കി. സ്വദേശികളായ ജീവനക്കാരൊഴികെയുള്ള ഖത്തർ പെട്രോളിയത്തിലെ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്താൻ ക്യു.പി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി അൽ കഅബി തൊഴിലാളികൾക്ക് അറിയിപ്പ് കൈമാറിയിട്ടുണ്ട്. അൽ ശർഖ്, ഖത്തർ ട്രിബ്യൂൺ പത്രങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി ചെലവ് ചുരുക്കലിന് കമ്പനിയെ നിർബന്ധിപ്പിക്കുകയാണ്. മുമ്പും നാം അത് നിർവഹിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ചെലവ് ചുരുക്കലിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അൽ കഅബി വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കമ്പനിയുടെ സുരക്ഷയും നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
2015ലും 2018ലും ഖത്തർ പെട്രോളിയം തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.
റമദാനിന് ശേഷം ചെറിയ പെരുന്നാൾ അവധിയോടെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ഖത്തർ പെട്രോളിയം അന്തിമ തീരുമാനത്തിലെത്തുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തിൽ ഒരു കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായാൽ അവക്ക് ജീവനക്കാരെ പിരിച്ചുവിടാനുള്ള അനുമതി തൊഴിൽ മന്ത്രാലയം നേരത്തേ നൽകിയിട്ടുണ്ട്. എന്നാൽ തൊഴിൽ കരാർ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നടപടികളും ഇതിനായി പൂർത്തീകരിക്കേണ്ടതുണ്ട്.
കോവിഡ്: കമ്പനികൾ നഷ്ടത്തിലെങ്കിലും ശമ്പളം നൽകണം; തൊഴിൽ കരാർ റദ്ദാക്കാം
ദോഹ: ഖത്തറിൽ കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ബാധ്യസ്ഥരാണെന്ന് തൊഴില്‍ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. എന്നാൽ തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച് തൊഴിൽ കരാർ റദ്ദാക്കാം. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകണം. മുഴുവന്‍ ശമ്പള കുടിശ്ശികയും കൊടുക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കണം. ലോക്ക്ഡൗണ്‍ മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ആ കാലയളവിൽ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കണം. ഇക്കാര്യങ്ങൾ കൃത്യമായി പാലിച്ചുമാത്രമേ തൊഴിലാളിയെ തൊഴിലുടമക്ക് പിരിച്ചുവിടാൻ കഴിയൂ.
ലോക്ക്ഡൗണ്‍ കാരണമോ മറ്റോ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരികയും ചെയ്താല്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തിേൻറയും കാര്യങ്ങള്‍ തീരുമാനിക്കണം. ഇവർക്ക് ശമ്പളം നല്‍കാന്‍ തൊഴിലുടമക്ക് ബാധ്യതയില്ല. തൊഴില്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴില്‍ നിയമവും കരാര്‍ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം.
നഷ്ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് കമ്പനികൾ ശമ്പളം നല്‍കണം. ഇതിനാണ് അമീറിൻെറ ഉത്തരവ് പ്രകാരം സ്വകാര്യമേഖലയിലെ ബാങ്കുകൾക്ക് ലോൺഗ്യാരണ്ടിയായി മൂന്ന് ബില്ല്യൻ റിയാൽ സർക്കാർ നൽകിയത്. കമ്പനികളുടെ വേതനസംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) കൈകാര്യം ചെയ്യുന്ന ബാങ്കിനെ സമീപിച്ചാല്‍ ലോണ്‍ ലഭിക്കും. ശമ്പളം നൽകാൻ സഹായിക്കുന്നതിനാണ് കമ്പനികൾക്ക് ലോൺ നൽകുന്നത്.
ഐസൊലേഷന്‍, ക്വാറൻറീൻ, ചികിത്സ എന്നിവയിലുള്ള തൊഴിലാളികൾക്ക് തൊഴിലുടമ അടിസ്ഥാന ശമ്പളവും അസുഖാവധി ആനുകൂല്യങ്ങളും നൽകണം. കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള തിയ്യതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ നടപടിയെടുക്കും. സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന വേതനവും ഭക്ഷണവും താമസവും മറ്റ് അലവന്‍സുകളും ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.