കോവിഡ്: പുതിയ രോഗികൾ 220; രോഗമുക്തി 180
text_fieldsദോഹ: ഖത്തറിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. തുടർച്ചയായി 200നു മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം, സമ്പർക്ക രോഗങ്ങളുടെ എണ്ണം വർധിക്കുന്നത് ആശങ്കയാവുന്നു. ഡെൽറ്റ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണിത്. ചൊവ്വാഴ്ച 220 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ147 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 73 പേർ വിദേശങ്ങളിൽനിന്ന് എത്തിയവരാണ്. 180 പേരാണ് ചൊവ്വാഴ്ച രോഗമുക്തരായത്. രോഗികളും രോഗമുക്തരും തമ്മിലെ അനുപാതം കൂടുന്നത് കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കും.
ചൊവ്വാഴ്ച പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 601 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിലുള്ള ആകെ രോഗികൾ 2305 ആണ്. ചൊവ്വാഴ്ച 22,711 പേർ പരിശോധനക്ക് വിധേയരായി. രാജ്യത്ത് ആകെ 23,86,801 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,28,711 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. നിലവിൽ 87 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേരെ ചൊവ്വാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 24 പേരുമുണ്ട്.
ചൊവ്വാഴ്ച 26,431 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 39.90 ലക്ഷം ഡോസ് വാക്സിൻ നൽകി.