ഖത്തറിന് അഭിനന്ദനവുമായി ലോകരാജ്യങ്ങൾ
text_fieldsദോഹ: ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ നയതന്ത്ര നീക്കം വിജയം കണ്ടതിനു പിന്നാലെ ഖത്തറിന് അഭിനന്ദനവുമായി ലോകരാജ്യങ്ങൾ. കുരുന്നുകളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളായ പതിനായിരങ്ങൾ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചു വീഴുമ്പോൾ നെഞ്ചുരുകി നിലവിളിച്ച ലോകത്തിന്റെ കണ്ണീര് കൂടിയാണ് തുടർച്ചയായ നയതന്ത്ര നീക്കങ്ങളിലൂടെ ഖത്തർ ഒപ്പിയെടുക്കുന്നത്. ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായി കരാറിലെത്തിയ നീക്കത്തെ ആദ്യം അഭിനന്ദിച്ചത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനായിരുന്നു.
‘ഹമാസ് -ഇസ്രായേൽ കരാറിന് നിർണായക നേതൃത്വം വഹിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്കും നന്ദി പറയുന്നു.
ഈ കരാർ വഴി കൂടുതൽ അമേരിക്കൻ ബന്ദികൾക്ക് തങ്ങളുടെ വീടണയാൻ കഴിയും. എല്ലാവരെയും മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരും’ -ബൈഡൻ ‘എക്സ്’പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
യു.എ.ഇ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് സൗഹൃദ രാജ്യങ്ങൾ, ഫ്രാൻസ്, റഷ്യ, ജോർഡൻ, യൂറോപ്യൻ യൂനിയൻ, ജി.സി.സി സെക്രട്ടറി ജനറൽ തുടങ്ങിയ രാജ്യങ്ങൾ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുകയും, ഖത്തറിന്റെ നയതന്ത്ര ദൗത്യങ്ങളെ പ്രശംസിക്കുകയും ചെയ്തു.
വെടിനിർത്തൽ കരാറിനായി ഖത്തർ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങൾ നടത്തിയ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും, കരാർ തടസ്സമില്ലാത്ത ജീവകാരുണ്യ സഹായങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ നീക്കം സ്വാഗതംചെയ്ത ഒമാൻ വിദേശകാര്യ മന്ത്രാലയം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ദൗത്യത്തെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

