മോടികൂട്ടാൻ കോർണിഷ് സ്ക്വയർ; അറ്റകുറ്റപ്പണി തുടങ്ങി
text_fieldsകോർണിഷ് സ്ക്വയറിലെ പ്രവൃത്തികൾ പുരോഗമിക്കുന്നു
ദോഹ: കോർണിഷ് സ്ക്വയറിലെ അറ്റകുറ്റ പണികൾക്ക് തുടക്കം കുറിച്ച് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ. കോർണിഷ് സ്ക്വയറിലെ ടണൽ േഫ്ലാർ ഉൾപ്പെടെയാണ് അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കുന്നത്. ദോഹ കോർണിഷിൽ സഞ്ചാരികളുടെ പ്രധാനപ്പെട്ട കേന്ദ്രം കൂടിയാണ് ഇവിടം.
കാൽനടക്കാർക്കുള്ള തുരങ്കപാത, കഫേകൾ ഉൾപ്പെടെ സന്ദർശകർ സമയം ചെലവഴിക്കാനും ചിത്രം പകർത്താനുമെല്ലാം എത്തുന്ന മേഖല കൂടിയാണിത്. 2006 ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ‘ഓറി’ ഇവിടത്തെ പ്രധാന ആകർഷണം കൂടിയാണ്. അശ്ഗാലിനു കീഴിലെ റോഡുകളും പൊതു ഇടങ്ങളും സൗന്ദര്യവത്കരണം നടത്തുന്ന ബ്യൂട്ടിഫിക്കേഷൻ സൂപ്പർവൈസറി കമ്മിറ്റിക്കു കീഴിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
നിലത്തെ ടൈലുകൾ ഇളക്കി പുതിയത് വിരിക്കുന്നത് ഉൾപ്പെടെ ജോലികൾ പൂർത്തിയാക്കുന്നതോടെ കോർണിഷ് സ്ക്വയർ കൂടുതൽ മനോഹരമായി മാറും. പെരുന്നാളും നോമ്പും ദേശീയദിനവും ഉൾപ്പെടെ പ്രധാന വേളകളിൽ ചമയങ്ങളും ലൈറ്റുകളുമായി സന്ദർശകരെ ആകർഷിക്കുന്ന കേന്ദ്രംകൂടിയാണ് ഇവിടം.
കോർണിഷിലെ പ്രധാനപ്പെട്ട നിർമാണങ്ങൾ അശ്ഗാൽ ഇതിനകം പൂർത്തിയാക്കിയിരുന്നു. ജോഗിങ്, സൈക്ലിങ് ട്രാക്കുകൾ എന്നിവക്കൊപ്പം കോർണിഷ് കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന മൂന്നു പ്രധാന തുരങ്കങ്ങളുടെ ജോലികളാണ് അശ്ഗാൽ പൂർത്തിയാക്കിയത്. അൽ കോർണിഷ് പ്ലാസ, അൽ ദഫ്ന പ്ലാസ, അൽ ബിദ്ദ പ്ലാസ എന്നിങ്ങനെ മൂന്നു പ്ലാസകളാണ് പദ്ധതിയിലുള്ളത്. രണ്ടു കഫേകൾ കൂടി ഉൾപ്പെടുന്നതാണ് അൽ ദഫ്ന പ്ലാസ.

