കോർണിഷ് സ്ട്രീറ്റ് റോഡ് നവീകരണം; ആദ്യഘട്ടം പൂർത്തിയായി
text_fieldsആദ്യഘട്ടം നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കോർണിഷ് സ്ട്രീറ്റ് ഭാഗം
ദോഹ: കോർണിഷ് സ്ട്രീറ്റിൽ ഷാർക്ക് ഇന്റർചേഞ്ച് മുതൽ ഓൾഡ് പോർട്ട് ഇന്റർചേഞ്ച് വരെയുള്ള റോഡ് നവീകരണ പ്രവൃത്തികളുടെ ആദ്യഘട്ടം പൂർത്തിയാക്കിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. സുഗമമായ സഞ്ചാരത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള അഷ്ഗാലിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് റോഡ് നവീകരണ പ്രവൃത്തികൾ നടത്തിയത്.
അഞ്ച് ഘട്ടങ്ങളിലായാണ് റോഡ് നവീകരണം നടക്കുക. റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കോർണിഷിന്റെ ചില ഭാഗങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ തുടരും. പഴയ അസ്ഫാൽറ്റ് പാളി നീക്കം ചെയ്യുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ രാത്രി സമയങ്ങളിൽ ഭാഗികമായി റോഡ് അടച്ചിടും. തുടർന്ന്, ടാറിങ് റോഡ് മാർക്കിങ് എന്നീ പ്രവൃത്തികൾക്കായി വാരാന്ത്യത്തിൽ പൂർണമായ അടച്ചിടൽ നടത്തുമെന്നും അഷ്ഗാൽ അറിയിച്ചു. വാഹന ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അഷ്ഗൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് മറ്റു പാതകൾ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, അഷ്ഗലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കൂടുതൽ വിശദാംശങ്ങളും നൽകിയിട്ടുണ്ട്. എല്ലാ വാഹന യാത്രക്കാരും നിർദേശങ്ങൾ പാലിച്ച് മറ്റ് റോഡുകൾ ഉപയോഗിക്കണമെന്നും താൽക്കാലികമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അഷ്ഗാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

