സുപ്രധാന തീരുമാനങ്ങളുമായി കോഓഡിനേഷൻ കൗൺസിൽ യോഗം
text_fieldsസൗദി-ഖത്തർ കോഓഡിനേഷൻ കൗൺസിൽ യോഗത്തിൽനിന്ന്
ദോഹ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സംയുക്ത സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നത് അടക്കം സുപ്രധാന തീരുമാനങ്ങളുമായി സൗദി-ഖത്തർ കോഓഡിനേഷൻ കൗൺസിലിൽ യോഗം സമാപിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റിയാദിലെ അൽ യമാമ പാലസിൽ നടന്ന കോഓഡിനേഷൻ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കോഓഡിനേഷൻ കൗൺസിൽ യോഗത്തിൽ ഇരുപക്ഷവും പങ്കാളിത്ത മേഖലകൾ എങ്ങനെ ശക്തിപ്പെടുത്താമെന്നും വികസിപ്പിക്കാമെന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പ്രത്യേകിച്ച് രാഷ്ട്രീയം, മിലിട്ടറി, ഊർജം, വ്യവസായം, സാമ്പത്തികം, നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, സംസ്കാരം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മുൻഗണന മേഖലകളിൽ ചർച്ച നടന്നു. കൂടാതെ, പ്രാദേശിക -ആഗോള തലങ്ങളിൽ പരസ്പരം താൽപര്യമുള്ള വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.
നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനുമായി ഇൻവെസ്റ്റ് ഖത്തറും സൗദി അറേബ്യൻ നിക്ഷേപ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവും സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റിയും തമ്മിലുള്ള ഭക്ഷ്യസുരക്ഷാ രംഗത്തെ ധാരണപത്ര കൈമാറ്റത്തിനും യോഗം സാക്ഷ്യംവഹിച്ചു. പരസ്പര പങ്കാളിത്തത്തെയും സഹകരണത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകളെന്ന് അമീർ ചൂണ്ടിക്കാട്ടി. മേഖലയിലെ സുരക്ഷ, സമാധാനം, ഐശ്വര്യം എന്നിവയെ പിന്തുണച്ച അദ്ദേഹം, സൗദി അറേബ്യയുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഊന്നിപ്പറഞ്ഞു.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനാ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, അമീരി ദീവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി, കായിക യുവജനകാര്യ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി, ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.സൗദി ഭാഗത്തുനിന്ന് ഊർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കാബിനറ്റ് അംഗവും സഹ മന്ത്രിയുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അൽ സൗദ്, വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ സൗദ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

