ഊർജ്ജ മേഖലയിൽ സഹകരണം; ഖത്തർ -സൗദി അറേബ്യ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
text_fieldsദോഹ: ഊർജ്ജ മേഖലയിൽ സംയുക്ത സഹകരണത്തിനായുള്ള ചട്ടക്കൂട് രൂപപ്പെടുത്താൻ ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സൗദി അറേബ്യയിൽ നടക്കുന്ന 'റിയാദ് എനർജി വീക്കി'ന്റെ ഭാഗമായ 17ാമത് ഇന്റർനാഷണൽ എനർജി ഫോറം മന്ത്രിതല യോഗത്തിനിടെ ഖത്തർ ഊർജ്ജ സഹമന്ത്രി എൻജീയർ സഅദ് ബിൻ ഷെരീദ അൽ കഅബിയും സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഊർജ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിൽ അയൽരാജ്യങ്ങൾ തമ്മിലുള്ള സുപ്രധാന ചുവടുവെപ്പാണിത്.
എണ്ണ, ഗ്യാസ്, പെട്രോകെമിക്കൽസ്, റീഫൈനിങ്, വൈദ്യുതി മേഖലകളിൽ സഹകരണം, ക്ലീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജം, ഊർജ്ജ സംഭരണം, ഊർജ്ജക്ഷമത വർധിപ്പിക്കൽ എന്നിവയിലെ സഹകരണം, കാർബൺ ക്യാപ്‌ചർ, കാർബൺ പുനരുപയോഗം, സംഭരണം തുടങ്ങി കാർബൺ ബഹിർഗമനം കുറക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമുള്ള സാങ്കേതികവിദ്യകളിലെ സഹകരണം, ഊർജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളിലും സംരംഭങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തമാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിലെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ധാരണാപത്രം പ്രാബല്യത്തിലാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

