കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സ്; ഹമദ് തുറമുഖത്തിന് നേട്ടം, ഗൾഫ് മേഖലയിൽ ഒന്നാമത്
text_fieldsദോഹ: ലോക വ്യാപാരത്തിലേക്കുള്ള ഖത്തറിന്റെ മുഖ്യകവാടങ്ങളിലൊന്നായ ഹമദ് തുറമുഖത്തിന് മറ്റൊരു നേട്ടം കൂടി. വേൾഡ് ബാങ്കും എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസും ചേർന്ന് പുറത്തിറക്കിയ കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 11ാം സ്ഥാനവും നേടിയാണ് ഹമദ് തുറമുഖം നേട്ടം കൈവരിച്ചത്. ലോകമെമ്പാടുമുള്ള 403 കണ്ടെയ്നർ തുറമുഖങ്ങളെ വിലയിരുത്തിയത് കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സ് തയാറാക്കിയത്. 2020-24 കലയളവിൽ ചെങ്കടൽ -പനാമ കനാൽ പ്രശ്‌നങ്ങൾ, കോവിഡ് എന്നിവ കാരണം തുറമുഖങ്ങളുടെ പ്രകടനത്തിൽ ഇടിവുണ്ടായതായി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ചൈനയിലെ യാങ്ഷാൻ, ഫുസോ പോർട്ടുകളാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ളത്. ഈജിപ്തിലെ പോർട്ട് സൈദ് ആണ് മൂന്നാം സ്ഥാനത്ത്. ഖത്തറിലെ ഹമദ് പോർട്ട് കഴിഞ്ഞാൽ ഒമാനിലെ സലാല പോർട്ട് ആണ് (15) ആദ്യത്തെ 20 റാങ്കിലുള്ള ഗൾഫ് രാജ്യത്തുനിന്നുള്ള മറ്റൊരു തുറമുഖം. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക സാങ്കേതികവിദ്യകൾ, മികച്ച സേവനങ്ങൾ എന്നിവ ഒരുക്കിയയാണ് ഹമദ് തുറമുഖം ഈ നേട്ടം സാധ്യമാക്കിയത്. തുറമുഖത്തിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഓട്ടോമേറ്റഡ് സംവിധാനങ്ങൾ, സ്കെയിലബിൾ ഡിസൈൻ എന്നിവയിലൂടെ കണ്ടെയ്നറുകൾ, ജനറൽ കാർഗോ, റോൾ-ഓൺ/റോൾ-ഓഫ് എന്നിവ ഉൾപ്പെടെ വിവിധ തരം ചരക്കുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
തടസ്സമില്ലാത്തതും സുരക്ഷിതവുമായ ചരക്കു നീക്കവും തന്ത്രപ്രധാനമായ സ്ഥാനവും അതിവേഗം വികസിക്കുന്ന ഷിപ്പിങ് ശൃംഖലയും ഹമദ് തുറമുഖത്തിനുണ്ട്. ഇത് വളർച്ചാ സാധ്യതകൾ തുറക്കുകയും മേഖലയിലെ പ്രധാന വാണിജ്യ -ലോജിസ്റ്റിക്സ് കേന്ദ്രമാക്കി നിലനിർത്തുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

