ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് പ്രത്യേക കോൺസുലാർ ക്യാമ്പ് ഇന്ന്
text_fieldsദോഹ: ഖത്തർ ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് ജൂലൈ അഞ്ച് വെള്ളിയാഴ്ച പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ ഷമാലിലെ അൽ ഷമാൽ സ്പോർട്സ് ക്ലബിൽ രാവിലെ ഒമ്പതു മുതൽ 11 വരെയാണ് ക്യാമ്പ്. പാസ്പോർട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്, മറ്റ് എംബസി സേവനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. അല്‍ ഷമാലിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള പ്രയാസം പരിഗണിച്ചാണ് ഇവിടെ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ എട്ടു മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐ.സി.ബി.എഫ് അറിയിച്ചു. സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ പണമായി മാത്രമെ സ്വീകരിക്കുകയുള്ളൂ. അതേസമയം, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് ഡെസ്ക്കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പുതുക്കിയ പാസ്പോർട്ടുകൾ ജൂലൈ 19ന് രാവിലെ ഒമ്പതു മുതൽ 10 മണിവരെയുള്ള സമയത്ത് അൽ ഷമാൽ സ്പോർട്സ് ക്ലബിൽ വിതരണം ചെയ്യും.

