ഭരണഘടന പരിരക്ഷ സ്ത്രീകൾക്ക് ഉറപ്പാക്കണം -പ്രവാസി വനിത സംഗമം
text_fields‘ഇന്ത്യൻ റിപ്പബ്ലിക്കിലെ പെണ്ണവകാശങ്ങൾ’ ഖത്തർ പ്രവാസി വനിത സംഗമം അഡ്വ. വിദ്യാ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: 'ഇന്ത്യന്‍ റിപ്പബ്ലിക്കിലെ പെണ്ണവകാശങ്ങൾ' തലക്കെട്ടിൽ ഖത്തർ പ്രവാസി വനിത കൂട്ടായ്മ നടത്തിയ സെമിനാര്‍ ഇന്ത്യന്‍ യൂത്ത് കോൺഗ്രസ് സെക്രട്ടറിയും കർണാടക, ലക്ഷദ്വീപ് ഇൻ ചാർജുമായ അഡ്വ. വിദ്യാ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന നിയമ സുരക്ഷിതത്വം വിലയേറിയതാണെന്നും എന്നാല്‍, ആ പരിരക്ഷ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ആവശ്യമായ രൂപത്തില്‍ ലഭ്യമാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
കൾചറൽ ഫോറം വൈസ് പ്രസിഡന്റ് സജ്ന സാക്കി മോഡറേറ്ററായ സെമിനാറില്‍ കെ.ഡബ്ല്യു.സി.സി വൈസ് പ്രസിഡന്റ് മുനീറ ബഷീർ അധ്യക്ഷതവഹിച്ചു. ഇൻകാസ് ഖത്തർ പ്രതിനിധി ഷഹാന ഇല്യാസ് വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. ഫാത്വിമ തഹ് ലിയ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും വുമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റുമായ ജബീന ഇർഷാദ്, നാഷനല്‍ വിമൻസ് ഫ്രണ്ട് ട്രഷറര്‍ എം. ഹബീബ എന്നിവരും നാട്ടില്‍നിന്ന് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. ഭരണഘടന അനുശാസിക്കുന്ന വ്യക്തി സ്വാതന്ത്ര്യം ജാതി-മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്ക്കും അനുഭവിക്കാന്‍ കഴിയുമ്പോൾ മാത്രമേ ജനാധിപത്യം പൂർണമാവുകയുള്ളൂവെന്നും കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദമടക്കം ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും ഇഷ്ടപ്പെട്ട മതവും മതചിഹ്നങ്ങള്‍ ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും പ്രഭാഷകർ പറഞ്ഞു.
എന്തു വില കൊടുത്തും അസഹിഷ്ണുതയുടെ ഇത്തരം നീക്കങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും പ്രവാസലോകത്തുനിന്നുള്ള ഇത്തരം സംഗമങ്ങൾ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണെന്നും അഭിപ്രായമുയർന്നു. ഇൻകാസ് തൃശൂര്‍ ജില്ല സെക്രട്ടറി ജിഷ ജോർജ്, വുമൺ ഫ്രറ്റേണിറ്റി ഖത്തർ പി.ആർ കോഓഡിനേറ്റർ ഷെജിന ഹാഷിം, ശ്രീകല പ്രകാശ്, കെ.ഡബ്ല്യു.സി.സി സെക്രട്ടറി ഫാസില ഹസൻ, ചാലിയാര്‍ ദോഹ പ്രതിനിധി ശാലീന രാജേഷ്, നസീഹ മജീദ് തുടങ്ങിയവർ സംസാരിച്ചു. അഥീന സാറ, സാറ സുബുൽ എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. എഫ്.സി.സി വനിത വേദി പ്രസിഡന്റ് അപർണ റനീഷ് സ്വാഗതവും കൾചറൽ ഫോറം മീഡിയ കൺവീനർ വാഹിദ സുബി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

