ആരാധനാലയ സംരക്ഷണനിയമം അപ്രസക്തമാക്കാൻ ഗൂഢതന്ത്രം-ബഷീർ വെള്ളിക്കോത്ത്
text_fieldsകെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ്
ചർച്ചയിൽ ബഷീർ വെള്ളിക്കോത്ത് സംസാരിക്കുന്നു
ദോഹ: 1991ലെ ആരാധനാലയ സംരക്ഷണനിയമം അപ്രസക്തമാക്കാനും, വഖഫ് സമ്പത്തുകളുടെ സംരക്ഷണം ദുർബലമാക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ബഷീർ വെള്ളിക്കോത്ത് പറഞ്ഞു.
കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വഖഫ് ഭേദഗതി ബില്ലിലെ കാണാപ്പുറങ്ങൾ’ എന്ന വിഷയാവതരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക പാരമ്പര്യത്തിന്റെ പ്രധാന അംശമായ വഖഫ് സ്വത്തുക്കൾ സാമൂഹിക നന്മക്കായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ആരാധനാലയ സംരക്ഷണ നിയമം, ഇന്ത്യയിലെ മതസൗഹാർദത്തിന്റെയും മതസ്ഥാപനങ്ങളുടെ അവകാശ സംരക്ഷണത്തിന്റെയും അടിസ്ഥാന പാതയാണ്. 1947 ആഗസ്റ്റ് 15നുള്ള ആരാധനാലയങ്ങളുടെ അവസ്ഥ തുടർന്നുനിൽക്കണമെന്ന് ഉറപ്പാക്കുന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഈ നിയമത്തെ അപ്രസക്തമാക്കാൻ ഇടയാക്കുന്ന നീക്കങ്ങൾ മതവിശ്വാസങ്ങളുടെ സ്വാതന്ത്ര്യത്തിനും, ഇന്ത്യയുടെ മതേതര ചേരുവക്കും ഗുരുതര ഭീഷണിയാകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
റഫീഖ് റഹ്മാനിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ജില്ല പ്രസിഡന്റ് ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു.
വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ എസ്.എ.എം. ബഷീർ, സെക്രട്ടറി അബ്ദു നാസർ നാച്ചി, സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, സെക്രട്ടറി താഹിർ താഹക്കുട്ടി, ഉപദേശക സമിതി അംഗം സാദിഖ് പാക്യാര എന്നിവർ ആശംസകളർപ്പിച്ചു.
ജില്ല നേതാക്കളായ നാസർ കൈതക്കാട്, അലി ചേരൂർ, മൊയ്തു ബേക്കൽ, മുഹമ്മദ് ബായാർ, സഗീർ ഇരിയ, റസാഖ് കല്ലട്ടി, ഹാരിസ് ഏരിയാൽ, മാക് അടൂർ, അൻവർ കാഞ്ഞങ്ങാട്, അൻവർ കാടങ്കോട്, അബ്ദുറഹിമാൻ എരിയാൽ , ഹാരിസ് ചൂരി എന്നിവർ നേതൃത്വം നൽകി. സെമീർ ഉദുമ്പുന്തല സ്വാഗതവും, ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

