മധ്യസ്ഥ വിജയം; ഖത്തറിന് ലോകത്തിന്റെ അഭിനന്ദനം
text_fieldsബുധനാഴ്ച രാത്രി ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി സംസാരിക്കുന്നു
ദോഹ: 15 മാസമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിച്ച് ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം സാധ്യമാക്കുന്ന കരാറിലെത്തിയതിനു പിറകെ മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ഖത്തറിന് അഭിനന്ദനവുമായി ലോകം. ഒരുവശത്ത് അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഇസ്രായേൽ ഗസ്സയിൽ മരണം വിതക്കുമ്പോൾ, പ്രതീക്ഷ കൈവിടാതെ വിവിധ തലങ്ങളിലായി മധ്യസ്ഥ ശ്രമങ്ങളും സജീവമാക്കിയ ഖത്തറിന്റെ നയതന്ത്ര വിജയം കൂടിയാണ് ഗസ്സയിലെ പ്രഖ്യാപനത്തിലൂടെ ലോകം കണ്ടത്.
ബുധനാഴ്ച രാത്രി നടത്തിയ വാർത്തസമ്മേളനത്തിൽ മധ്യസ്ഥ ദൗത്യങ്ങളിലെ നായകനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി പിന്തുണച്ചവർക്കെല്ലാം നന്ദി അറിയിച്ചു. അമേരിക്ക, ഈജിപ്ത് പ്രസിഡന്റുമാർ, നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ മിഡിലീസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജോ ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്ഗർക്, ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി ഹസൻ അൽ റഷാദ് തുടങ്ങിയവർക്കാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.
ഗസ്സയിലേക്ക് ഇസ്രായേൽ ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ എട്ട് മുതൽ തന്നെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശാനുസരണം രാത്രിയും പകലുമെന്നില്ലാതെ സാധ്യമായതെല്ലാം നിർവഹിച്ചതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. തുടർന്നും ഗസ്സയിലെ ഫലസ്തീനികൾക്ക് ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രഖ്യാപനത്തിനു പിന്നാലെ ജി.സി.സിയിലെ സൗഹൃദ രാജ്യങ്ങളും അറബ് ലോകവും വിദേശ രാജ്യങ്ങളും ഖത്തറിന്റെ ഇടപെടലുകൾക്ക് അഭിനന്ദനവുമായി രംഗത്തെത്തി.
യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തതിനൊപ്പം ഖത്തർ ഉൾപ്പെടെ മധ്യസ്ഥ ദൗത്യത്തിലെ പങ്കാളികളെ അഭിനന്ദിക്കുകയും ചെയ്തു.
കരാർ സാധ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച രാജ്യങ്ങളെയും പിന്തുണച്ചവരെയും അഭിനന്ദിക്കുകയാണെന്നും ഗസ്സയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് കരാർ സഹായിക്കുമെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സമാധാന കരാറിലെത്തുന്നതിനായി ഖത്തർ, ഈജിപ്ത്, ഐക്യരാഷ്ട്ര സഭ എന്നിവർ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി യു.എ.ഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും പറഞ്ഞു.
ഇരുകക്ഷികളെയും സമാധാന പാതയിലെത്തിക്കാനുള്ള ഖത്തർ, യു.എസ്, ഈജിപ്ത് എന്നീ മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം പ്രശംസനീയമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
നാറ്റോ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലിയൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തുടങ്ങിയവരും സ്വാഗതം ചെയ്യുകയും മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വെടിനിർത്തലിലൂടെ ആക്രമണവും കൂട്ടക്കൊലയും അവസാനിക്കട്ടെ -അമീർ
ദോഹ: ഗസ്സ വെടിനിർത്തൽ കരാര്‍ നിലവില്‍ വരുന്നതോടെ ഫലസ്തീനില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഗസ്സയിലെയും ഫലസ്തീന് പ്രദേശങ്ങളിലെയും ആക്രമണങ്ങളും കൈയേറ്റങ്ങളും കൂട്ടക്കൊലകളും അവസാനിപ്പിക്കാന്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വതന്ത്ര ഫലസ്തീന് എന്ന ലക്ഷ്യം അരികുവത്കരിക്കപ്പെടാത്ത ഒരു പുതിയ തുടക്കമാണ് വേണ്ടത്. ഗൗരവപൂര്‍വ ഇടപെടലുകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ഗസ്സ വിഷയത്തിലുള്ള ഖത്തറിന്റെ മധ്യസ്ഥത രാഷ്ട്രീയത്തേക്കാള്‍ മാനുഷികമായ കടമയുടെ ഭാഗമായി നിര്‍വഹിച്ചതാണെന്നും അമീര്‍ വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങളില്‍ ഈജിപ്തും അമേരിക്കയും നല്കിയ പിന്തുണക്ക് അമീര്‍ നന്ദി പറഞ്ഞു. സമൂഹ മാധ്യമ പേജിലൂടെയായിരുന്നു അമീർ പ്രതികരണം അറിയിച്ചത്.
ഫലസ്തീനിലേക്ക് സൗജന്യമായി വിളിക്കാം; ഓഫറുമായി ഉരീദു ഒരാഴ്ചത്തേക്കാണ് സൗജന്യ കാൾ ഓഫർ പ്രഖ്യാപിച്ചത്
ദോഹ: ഗസ്സ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിറകെ ഖത്തറിൽനിന്നും ഫലസ്തീനിലേക്ക് സൗജന്യമായി ഫോൺ സൗകര്യമൊരുക്കി മൊബൈൽ സേവന ദാതാക്കളായ ഉരീദു. ജനുവരി 16 മുതൽ 22 വരെ ഒരാഴ്ചത്തേക്കാണ് ഖത്തറിൽനിന്നും ഫലസ്തീനിലേക്ക് സൗജന്യമായി വിളിക്കാനുള്ള ഓഫർ ഉരീദു നൽകിയിരിക്കുന്നത്.
ഉരീദുവിന്റെ പോസ്റ്റ്-പെയ്ഡ്, പ്രീ-പെയ്ഡ് പാക്കേജുകളിൽനിന്നെല്ലാം ഒരാഴ്ച ഫലസ്തീനിലേക്ക് സൗജന്യമായി വിളിക്കാമെന്ന് കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഫലസ്തീനിലെ കുടുംബത്തോടൊപ്പം നിങ്ങളുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണെന്നും, ഒരാഴ്ച തടസ്സമില്ലാതെ കുടുംബങ്ങളുമായി സംസാരിക്കാമെന്നും ഉരീദു വ്യക്തമാക്കി.
ഗസ്സയിൽ 460 ദിവസത്തിലധികമായി തുടരുന്ന യുദ്ധത്തിന് വിരാമം കുറിക്കുന്നതിന്റെ മുന്നോടിയായുള്ള ചരിത്രപ്രധാനമായ വെടിനിർത്തൽ കരാർ ഖത്തർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ൽ യുദ്ധം ആരംഭിച്ചപ്പോഴും ഉരീദു 15 ദിവസ സൗജന്യ ഫോൺ സൗകര്യം ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

