കോംഗോ സമാധാന കരാർ: ദോഹ ചട്ടക്കൂട് നടപ്പാക്കാൻ ധാരണ; സംയുക്ത പ്രസ്താവന പുറത്തിറക്കി
text_fieldsദോഹ: കോംഗോ സർക്കാരും എ.എഫ്.സി /മാർച്ച് 23 മൂവ്മെന്റ് പ്രതിനിധികളും തമ്മിൽ നടന്ന സമാധാന ചർച്ചകളിൽ നിർണായക പുരോഗതി. കഴിഞ്ഞദിവസം സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾക്ക് ശേഷം ദോഹ സമഗ്ര സമാധാന കരാർ ചട്ടക്കൂട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് ഇരുവിഭാഗങ്ങളും മധ്യസ്ഥ രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി.
ഖത്തർ, യു.എസ്, ആഫ്രിക്കൻ യൂണിയൻ മധ്യസ്ഥരായ ടോഗോ, സ്വിറ്റ്സർലൻഡ്, ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. ദോഹ ചട്ടക്കൂട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് പുരോഗതി യോഗത്തിൽ വിശകലനം ചെയ്തു. കോംഗോ ഡി.ആർ.സി സർക്കാരും എം23 മൂവ്മെന്റും തമ്മിലുള്ള സമാധാന കരാറിനായുള്ള ദോഹ ചട്ടക്കൂടിന് കഴിഞ്ഞവർഷം നവംബർ 15നാണ് ഒപ്പുവെച്ചത്.
വിപുലീകരിച്ച ജോയന്റ് വെരിഫിക്കേഷൻ മെക്കാനിസം പ്ലസിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വെടിനിർത്തൽ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ റിപ്പോർട്ട് ചെയ്യാൻ ഏകീകൃത മാനദണ്ഡം തയാറാക്കും. കരാറിലെ ബാധ്യതകൾ പാലിക്കുന്നതിനും വെല്ലുവിളികൾ പരിഹരിക്കുന്നതിനും പ്രത്യേക സംവിധാനം രൂപീകരിക്കാനും ഇരുകക്ഷികളും സമ്മതിച്ചു.
ദോഹ ഫ്രെയിംവർക്ക് കരാറിന് കീഴിലുള്ള ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കൃത്യമായ റോഡ്മാപ്പും യോഗത്തിൽ വികസിപ്പിച്ചു. കിഴക്കൻ കോംഗോയിലും ഗ്രേറ്റ് ലേക്സ് മേഖലയിലും ശാശ്വത സമാധാനം ഉറപ്പാക്കാൻ പിന്തുണ നൽകുന്ന ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾക്കും ആഫ്രിക്കൻ യൂണിയനും ഇരുവിഭാഗവും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

