മേഖലയിലെ സംഘർഷങ്ങൾ ചർച്ചയിലൂടെ മാത്രമെ പരിഹരിക്കാനാകൂ -ഖത്തർ
text_fieldsദോഹ: മേഖലയിലെ സംഘർഷ സാധ്യതകൾ ലഘൂകരിക്കുന്നതിൽ ചർച്ചയിലൂടെ മാത്രമേ വിജയം കൈവരിക്കാനാകൂ എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. ചർച്ചയിലൂടെ മാത്രമേ ലോകത്തെ ഏത് പ്രശ്നവും പരിഹരിക്കാനാകൂ, എല്ലാ കക്ഷികളുമായും ചേർന്ന് തങ്ങൾ പ്രവർത്തിക്കും. ഖത്തർ ഇറാനുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന രാജ്യമാണെന്നും മാജിദ് അൽ അൻസാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുർക്കിയയിൽ ഇറാൻ -അമേരിക്ക ചർച്ചകൾ നടക്കാനിരിക്കെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതികരണം. ഇരു കക്ഷികളെയും ചർച്ചകളിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തുർക്കിയ, ഈജിപ്ത്, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി ഖത്തർ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മേഖലയിൽ ഇനിയും പ്രശ്നങ്ങൾ വഷളാകാതിരിക്കാനാണ് ശ്രമിക്കുന്നത്. പരിഹാരം കാണാൻ വൈകുന്നത് മേഖലയിലെ ജനങ്ങളെയും ദോഷകരമായി മാത്രമേ ബാധിക്കു. മേഖലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് മറ്റ് പങ്കാളികളുമായി അടുത്ത് പ്രവർത്തിച്ചുവരുകയാണെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. ഇറാനുമായി ഏറ്റവും അടുത്ത് നിൽക്കുന്ന രാജ്യമാണ് ഖത്തർ. ഗ്യാസ് ഫീൽഡ് അടക്കം മേഖലയിലെ സുപ്രധാന വിഷയങ്ങളിലും പങ്കാളികളാണ്. അതിനാൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഖത്തറിന്റെ ശ്രമമെന്നും മാജിദ് അൽ അൻസാരി പറഞ്ഞു.
റഫ അതിർത്തി തുറന്നുനൽകിയത് ശരിയായ ചുവടുവെപ്പ് -ഖത്തർ
ദോഹ: ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കാൻ റഫ അതിർത്തി തുറന്നുനൽകിയത് ശരിയായ ചുവടുവെപ്പാണെന്ന് ഖത്തർ. ഫലസ്തീനിലെ സിവിലിയന്മാരുടെ ദയനീയാവസ്ഥക്ക് പരിഹാരമായി ഗസ്സ മുനമ്പിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാവുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
വെടിനിർത്തൽ കരാർ എല്ലാ കക്ഷികളും പൂർണമായി പാലിക്കണം. അന്താരാഷ്ട്ര നിയമങ്ങളുടെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അടിസ്ഥാനത്തിൽ 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കണമെന്ന നിലപാടും ഖത്തർ ആവർത്തിച്ചു. രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിച്ച് റഫ അതിർത്തി കഴിഞ്ഞദിവസം തുറന്നത്. 2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമ്മർദങ്ങൾക്കൊടുവിൽ താൽക്കാലികമായി തുറന്നത്.
ഗുരുതരാവസ്ഥയിൽ ആശുപത്രിക
ളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. രണ്ടരവർഷം നീണ്ട ഇസ്രായേൽ അധിനിവേശത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികൾ റഫ അതിർത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

