മേഖയിലെ സംഘർഷം; ലോകനേതാക്കളുമായി സംസാരിച്ച് ഖത്തർ അമീർ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.എ.ഇ പ്രസിഡന്റ് ശൈഖ്
മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ
ദോഹ: ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കം വിവിധ ലോക നേതാക്കളുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. പുതിയ സംഭവവികാസങ്ങൾ, നിലവിലെ സംഘർഷങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ നേതാക്കളുമായി അമീർ പങ്കുവെച്ചു.
മേഖലയിൽ തുടരുന്ന സംഘർഷം അന്താരാഷ്ട്ര സുരക്ഷയെയും സമാധാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ഡോണൾഡ് ട്രംപുമായുള്ള സംഭാഷണത്തിനിടെ അമീർ വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ ശക്തമാക്കണം. യു.എൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഖത്തറിന്റെ പരമാധികാരവും സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധം ഒരുക്കുമെന്നും അമീർ വിശദമാക്കി. മേഖലയിലെയും ലോകത്തെയും സ്ഥിരത നിലനിർത്തുന്നതിനും, രാഷ്ട്രീയ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സംഭാഷണത്തിനിടെ ഇരു നേതാക്കളും ആവശ്യപ്പെട്ടു.
ഇറാൻ തുടരുന്ന പ്രകോപനങ്ങളും തുടർന്നുള്ള സാഹചര്യങ്ങളും ചർച്ച ചെയ്ത് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിലെ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.
നിലവിലെ വെല്ലുവിളികൾ നേരിടുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തമാക്കണം. ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കാനും സമാധാനം നിലനിർത്താനും അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ഊർജിതമാക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
ഖത്തറിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് യു.എ.ഇ പ്രസിഡന്റ് അന്വേഷിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇ പിന്തുണ അറിയിച്ചു. യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ കൂടെയുണ്ടാകുമെന്ന് അമീർ ഉറപ്പുനൽകി.
ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇത് ഖത്തറിന്റെ സുരക്ഷക്കും സ്ഥിരതക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് വിശദീകരിച്ചു.
ഉഭയകക്ഷി ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ, ഊർജ വിതരണവും സമുദ്രപാത നാവിഗേഷൻ സ്വാതന്ത്ര്യവും സ്ഥിരതയും ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം നേതാക്കൾ ആവർത്തിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഇരുവരും പങ്കുവെച്ചു. മേഖലയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും സംഭാഷണങ്ങൾക്കും നയതന്ത്ര മാർഗങ്ങൾക്കും മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

