മേഖലയിലെ സംഘർഷം; ഖത്തർ അമീർ -ജോർഡൻ രാജാവും കൂടിക്കാഴ്ച നടത്തി
text_fieldsഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ജോർഡൻ രാജാവിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: ഖത്തറും ജോർഡനും അടക്കം മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈനുമായി അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണങ്ങളെ അപലപിച്ച നേതാക്കൾ, ഇരുരാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും പരസ്പരം പിന്തുണയും ഉറപ്പാക്കി.
മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെയും സിവിലിയന്മാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന എല്ലാ സൈനിക നടപടികളും ഉടനടി അവസാനിപ്പിക്കണം. സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിന് പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കണം. നയതന്ത്ര മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും നേതാക്കൾ ചർച്ചചെയ്തു. പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നിലവിലെ പ്രതിസന്ധിയും ആഗോള സമാധാനത്തിലും സുരക്ഷയിലും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും പങ്കുവെച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നേരത്തേ, ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ജോർഡൻ രാജാവിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫിയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

