മേഖലയിലെ സംഘർഷം; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ
text_fieldsപ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, ശൈഖ് മുഹമ്മദ് ബിൻ അബ്ദു
റഹ്മാൻ ബിൻ ജാസിം ആൽഥാനി, ഹകാൻ ഫിദാൻ
ദോഹ: മേഖലയിലെ സൈനിക സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി വിവിധ രാഷ്ട്രങ്ങളുടെ നേതാക്കളുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ചർച്ച നടത്തി. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങളുടെ സാഹചര്യത്തിലായിരുന്നു ചർച്ച. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജാറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ്, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ് യാൻ, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലാതി, യൂറോപ്യൻ യൂണിയൻ പ്രതിനിധി കാജ കല്ലാസ് എന്നിവരുമായാണ് ഫോണിൽ സംസാരിച്ചത്.
മേഖലയിലെ സൈനിക സംഘർഷങ്ങളും അവ പ്രാദേശിക, അന്തർദേശീയ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംഭാഷണത്തിനിടെ മന്ത്രിമാർ ചർച്ച ചെയ്തു. എല്ലാ തർക്കങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണം.
ഏതൊരു സംഘർഷ സാഹചര്യവും ഉടൻ അവസാനിപ്പിക്കുന്നതിനും ചർച്ചകളിലേക്ക് മടങ്ങുന്നതിനുമായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഫോൺ സംഭാഷണത്തിൽ വിവധ രാഷ്ട്രങ്ങളുടെ നേതാക്കൾ എടുത്തുപറഞ്ഞു. ആഗോള ഊർജ സുരക്ഷ, സമുദ്രഗതാഗതം, പാരിസ്ഥിതിക സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനും മേഖലയിലെ സ്ഥിരത സംരക്ഷിക്കുന്നതിനുമായി വിവേകത്തോടെയും സംയമനത്തോടെയും പ്രവർത്തിക്കണമെന്നും നേതാക്കൾ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

