ഈസക്കയുടെ ഓർമകളിൽ പ്രവാസിസമൂഹം
text_fieldsകെ.എം.സി.സി സംഘടിപ്പിച്ച കെ. മുഹമ്മദ് ഈസ അനുശോചന പരിപാടിയിൽ ഇന്ത്യൻ
അംബാസഡർ വിപുൽ സംസാരിക്കുന്നു
ദോഹ: വ്യാഴാഴ്ച രാത്രി അബൂഹമൂറിലെ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിലെ വേദിയിലേക്ക് വീശിയടിച്ച തണുത്തകാറ്റിനൊപ്പം പ്രിയപ്പെട്ട ഈസക്കയും ഒരുപാട് തവണ വന്നുപോയി. അദ്ദേഹത്തിന്റെ ഓർമകളുമായി സാധാരണക്കാരായ പ്രവാസികൾ മുതൽ നേതാക്കന്മാരും സാമൂഹിക പ്രവർത്തകരുമെല്ലാം ഒന്നിച്ച രാത്രി.
കണ്ണീർ വറ്റിയിട്ടും പറഞ്ഞു തീരാത്ത ഓർമകളും അനുഭവങ്ങളും ഓരോരുത്തരുമായി പങ്കുവെച്ച മണിക്കൂറുകൾ. ഒരായുസ്സ് കൊണ്ട് ഒരായിരം മനുഷ്യരുടെ കണ്ണീരുകളൊപ്പിയ ഈസക്കയായിരുന്നു എല്ലാവരുടെ വാക്കുകളിലും ഓർമകളിലും. കെ.എം.സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ഖത്തറിലെ സർവ മേഖലയിലും നേതൃസാന്നിധ്യമായി തിളങ്ങിനിന്ന കെ. മുഹമ്മദ് ഈസയുടെ ഓർമയിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി അനുശോചന സംഗമവും പ്രാർഥന സദസ്സും ആയിരങ്ങളുടെ കണ്ണീർ പൊഴിഞ്ഞ വേദിയായി മാറി.
ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ അനുശോചന സന്ദേശം നൽകി. സാംസ്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
വിയോഗത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ അനുശോചനം അറിയിച്ചു. കെ. മുഹമ്മദ് ഈസയുമായി അടുത്തിടപഴകാൻ ലഭിച്ച അവസരങ്ങളെല്ലാം ഓർത്തെടുത്ത അംബാസഡർ വളരെ ഊർജസ്വലനായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സംഭാവനകളും സ്മരിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഈസക്കയെ അനുശോചിച്ച് സംസാരിച്ചു.
ടി.വി. ഇബ്രാഹിം എം.എൽ.എ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, കെ.എം.സി.സി നേതാക്കളായ എസ്.എ.എം. ബഷീർ, അബ്ദുന്നാസർ നാച്ചി, വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളായ പി.എൻ. ബാബുരാജ്, ഹൈദർ ചുങ്കത്തറ, സാബിത്ത് സഹീർ, ചന്ദ്രമോഹൻ, സവാദ് വെളിയങ്കോട്, ഇസ്മായിൽ ഹുദവി, സലാം പാപ്പിനിശ്ശേരി, ഓമനക്കുട്ടൻ, പി.കെ. സമീർ, സമീർ വലിയവീട്ടിൽ, ഹുസൈൻ കടന്നമണ്ണ, ഹബീബ് റഹ്മാൻ, സുധീർ, ആശിഖ് അഹ്മദ്, നിഹാദ് അലി, ഫൈസൽ ഹുദവി, ആസാദ്, നൗഫൽ മുഹമ്മദ് ഈസ, സുഹൈൽ വാഫി എന്നിവർ സംസാരിച്ചു.
ഇസ്മായിൽ ഹുദവി ഖുർആൻ പാരായണം ചെയ്തു. മുഹമ്മദലി ഖാസിമി പ്രാർഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു.
മക്കളായ നജ്ല മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

