ഈസക്ക എന്നും വിളിപ്പാടകലെ
text_fieldsകെ. മുഹമ്മദ് ഈസ
ദോഹ: കഴിഞ്ഞ 49 വർഷക്കാലമായി ദോഹയിൽ മലയാളികൾക്കിടയിൻ നിറഞ്ഞുനിന്ന കെ. മുഹമ്മദ് ഈസ എന്ന ഈസക്ക ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി.
രണ്ട് വ്യാഴവട്ടമായി അടുത്തിടപഴകിയ വ്യക്തിത്വമാണ് അദ്ദേഹം. ഗൾഫ് മാധ്യമത്തിന്റെയും മീഡിയവണിന്റെയും ഏറ്റവും അടുത്ത ഗുണകാംക്ഷികളിൽ ഒരാളായിരുന്നു. പലപ്പോഴായി ഈ സ്ഥാപനങ്ങൾ നടത്തിയ പരിപാടികളുടെ മുഖ്യ സംഘാടകനായി മുന്നിൽ നിന്നിട്ടുണ്ട്.
ഏറ്റവും അവസാനം ഖത്തർ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ മീഡിയവണുമായി സഹകരിച്ച് സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ ആദ്യവസാനം വരെ ഈസക്കയുടെ സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു.
ഖത്തറിലെ കലാ കായിക മേഖലയിൽ നിന്ന് ഈസക്കയെ മാറ്റിനിർത്തുക പ്രയാസമായിരിക്കും. കേരളത്തിലെ കലാകാരന്മാരെ ദോഹയിൽ കൊണ്ടുവന്ന് പരിപാടികൾ നടത്തുക അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. കലാകാരന്മാരുടെ സാമ്പത്തിക പ്രാരബ്ധങ്ങൾ തീർക്കാൻ കൂടിയായിരുന്നു ഈസക്കയുടെ സംഗീത പരിപാടികൾ. ഇത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ ബാക്കിയാവുന്ന തുക അവശ കലാകാരന്മാർക്ക് നൽകാൻ അദ്ദേഹം പ്രത്യേകം സംവിധാനം കാണുമായിരുന്നു.
ദോഹയിലെത്തുന്ന കലാകാരന്മാരെ വീട്ടിൽ കൊണ്ടുപോയി ആദരിക്കുക മാത്രമല്ല അവർക്ക് തിരിച്ചുപോകുമ്പോൾ പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്യും. മാപ്പിളപ്പാട്ട് മേഖലയിൽ നിന്നുള്ളവരുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ എന്നും ചെലുത്തിയിരുന്നു. വി.എം. കുട്ടി, വിളയിൽ ഫസീല, ഷാൻ, കണ്ണൂർ ഷരീഫ്, എരഞ്ഞോളി മൂസ തുടങ്ങി ഈസക്കയുടെ പ്രത്യേക പരിഗണന ലഭിക്കാത്ത ഗായകർ കുറവായിരിക്കും. കലാകാരന്മാരെ ആദരിക്കുക മാത്രമല്ല നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു അദ്ദേഹം.
നാഗൂർ ഹനീഫയുടെ ഈരടികൾ എത്ര ആകർഷകമായാണ് അദ്ദേഹം പാടിയിരുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് നേരിൽ കണ്ടപ്പോൾ മീഡിയവൺ അടുത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഒരു പ്രോഗ്രാമിന് നേതൃപരമായ പങ്ക് വഹിക്കാമെന്നും അദ്ദേഹം സമ്മതിച്ചിരുന്നു.
ജനസേവന രംഗത്തും നിറഞ്ഞുനിന്നിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ കനിവ് ഗ്രാമവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പറഞ്ഞാൽ ഏറെ താൽപര്യപൂർവം അത് ഏറ്റെടുക്കുമായിരുന്നു. മാധ്യമത്തെയും മീഡിയവണിനെയും ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം പരസ്യങ്ങൾ നൽകി എക്കാലത്തും കൂടെ നിന്നിട്ടുണ്ട്. പാരത്രിക ജീവിതം ഏറ്റവും ധന്യമാകട്ടെയെന്ന് പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

