ഹാജി കെ.വി. അബ്ദുല്ലക്കുട്ടി; ഖത്തർ മലയാളികളുടെ മാർഗദർശി
text_fieldsഖത്തർ ഗ്രീൻ കാമ്പയിന് നേതൃത്വം നൽകിയതിനുള്ള അംഗീകാരം ഡോ. സുൽതാൻ അൽ ദോസരിയിൽ നിന്നും ഏറ്റുവാങ്ങുന്ന ഹാജി കെ.വി. അബ്ദുല്ലക്കുട്ടി
ഖത്തറിലെ മലയാള പ്രവാസത്തിന്റെ ആദ്യകാല കണ്ണികളിൽ ഒന്ന് കൂടി അസ്തമിച്ചിരിക്കുന്നു. 1967 ആഗസ്റ്റിൽ ഖത്തറിലെ പ്രവാസത്തിന് തുടക്കം കുറിച്ച്, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പലതലമുറകൾക്ക് മാർഗദർശിയായ മനുഷ്യസ്നേഹിയെയാണ് ഹാജി കെ.വി അബ്ദുല്ലക്കുട്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്.
മലയാളി സമൂഹത്തിന്റെ ഐക്യത്തിനും പുരോഗതിക്കും സമർപ്പിതമായിരുന്നു അദ്ദേഹത്തിന്റെ പ്രവാസ ജീവിതം. ഖത്തർ മലയാളി സമ്മേളനമുൾപ്പെടെയുള്ള വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. അതോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സേവനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനകളിലൂടെയും വ്യക്തിപരമായും എല്ലാ തലമുറയിലും ഉണർവേകിയ സമാനതകളില്ലാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. ഒറ്റക്ക് നീങ്ങുന്നതിനപ്പുറം ഒരുമിച്ചുമുന്നേറുകയെന്ന സന്ദേശം ജീവിതചര്യയാക്കിയ മനുഷ്യൻ.
പത്താം ക്ലാസായിരുന്നു ഔപാരിക വിദ്യാഭ്യാസമെങ്കിലും ‘സിജി’ എന്ന സംഘടനയിലൂടെ വിദ്യാഭ്യാസമേഖലയെ തന്റെ കർമപഥമാക്കി ആയിരങ്ങളെ അദ്ദേഹം അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. ചെറിയ പ്രായത്തിലെ അനാഥത്വവും, ബാല്യകാലങ്ങളിലെ ദുരിതവുമെല്ലാം കടന്നായിരുന്നു അബ്ദുല്ലക്കുട്ടി ഹാജി ഖത്തറിലെത്തുന്നത്. പ്രവാസം ആരംഭിച്ച് അധികം വൈകാതെ സാമൂഹിക പ്രവർത്തനത്തിൽ സജീവമായി.
സിജി ഖത്തറിന്റെ ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രഥമ പ്രസിഡന്റും കെ.എം.സി.സി നേതാവുമായിരുന്നു.
ജി.സി.സി സാമ്പത്തിക പ്രോത്സാഹന രംഗത്ത് പ്രവർത്തിക്കുന്ന ഗൾഫ് ഓർഗനൈസേഷൻ ഓഫ് ഇൻഡസ്ട്രിയൽ കൺസൽട്ടൻസിലായിരുന്നു 23 വർഷക്കാലം പ്രവർത്തിച്ചത്. തുടർന്ന് ഖത്തർ മന്ത്രാലയത്തിൽ നാല് മന്ത്രിമാർക്കൊപ്പം പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ‘ഗ്രീൻ ഖത്തർ, ക്ലീൻ ഖത്തർ’ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി. വിവിധ സംഘടനകളേയും വ്യക്തികളെയും ഇതിന്റെ ഭാഗമാക്കി ജനകീയമാക്കാൻ കഴിഞ്ഞു. ഏത് യോഗത്തിലും സെമിനാറുകളിലും പങ്കെടുക്കുമ്പോഴും പേനയും പേപ്പറുമെടുത്ത് കുത്തിക്കുറിച്ച് ഒരു നിഷ്കളങ്ക വിദ്യാർഥിയെപ്പോലെയിരിക്കുകയും ഇന്ററാക്ഷനുകളിൽ സജീവമാവുകയും ചെയ്തിരുന്ന കെ.വി പത്ത് മണിക്കൂർ നീണ്ട മൈന്റ്ട്യൂൺ വർക്ക്ഷോപ്പിൽ ഭാര്യക്കൊപ്പം പങ്കെടുത്ത് അതിന്റെ അനുഭവം പറഞ്ഞ് വാചാലമായിരുന്നു.
സാധാരണ ജീവിതവും ഏത് പ്രായത്തെയും ആകർഷിക്കുന്ന സൗഹൃദവും, ഹൃദയസ്പർശിയായ അനുഭവങ്ങളും പങ്കുവെച്ച് അദ്ദേഹം നിരവധിപേരുടെ ജീവിതത്തിൽ പ്രതിഫലിച്ചു. ഖുര്ആൻ ഹൽഖയിലും സജീവമായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയശേഷവും വിശ്രമത്തിനു നിൽക്കാതെ ‘സാമൂഹിക നീതി’ കൂട്ടായ്മയുണ്ടാക്കി മരണംവരെ സജീവത തുടർന്നു. സഫിയാബിയാണ് ഭാര്യ. സിജി ദോഹ ജനറൽ സെക്രട്ടറി റുക്നുദ്ദീന്, റഹ്മുദ്ദീന്, റൈഹാന, റുക്സാന എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.