കോൺകകാഫ് ഫുട്ബാൾ; ഇഞ്ചുറി ടൈമിൽ ഖത്തറിനെ വീഴ്ത്തി ഹെയ്തി
text_fieldsഅമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഫുട്ബാളിൽ
ഖത്തറും ഹെയ്തിയും തമ്മിലെ മത്സരത്തിൽനിന്ന്
ദോഹ: കൈപ്പിടിയിലൊതുങ്ങിയ വിജയം ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിലൂടെ കൈവിട്ട ഖത്തറിന് കോൺകകാഫിലെ ആദ്യ അങ്കത്തിൽ അടിതെറ്റി. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള എതിരാളിക്കെതിരെ ലീഡ് നേടിയിട്ടും, ഇരു പകുതികളിലെയും ഇഞ്ചുറി ടൈം ഗോളുകൾ ചതിച്ചു. 20ാം മിനിറ്റിൽ അബ്ദുൽ റസാഖിന്റെ മികച്ചൊരു റെയിൻബോ കിക്ക് ഷോട്ടിൽനിന്ന് നേടിയ ഗോളിലൂടെയാണ് ഖത്തർ മുന്നേറിയത്. എതിർ ബോക്സിൽ ഗോൾകീപ്പറുടെ കൈയിൽ തട്ടി വീണ പന്തിനെ ഓടിയെത്തിയ റസാഖ് വലയിലേക്ക് മനോഹരമായി പറത്തിവിട്ട് കളിയിൽ ലീഡുറപ്പിച്ചു.
മുഹമ്മദ് മുൻതാരി, ഹസിം ഷെഹത, അബ്ദുൽ റസാഖ്, അഹമ്മദ് ഫാതിഹ് എന്നിവരിലൂടെ ആക്രമിച്ചുകളിച്ച ഖത്തർ ആദ്യ പകുതിയിൽ ഒരുപിടി ആക്രമണങ്ങൾ മെനഞ്ഞെങ്കിലും ലീഡുയർത്താനായില്ല. എന്നാൽ, കളിയുടെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ഹെയ്തി ഒപ്പമെത്തി. അതാവട്ടെ, പെനാൽറ്റിയിലൂടെയും. ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരംകൂടിയായ ഡകൻസ് നാസണായിരുന്നു പെനാൽറ്റി
ലക്ഷ്യത്തിലെത്തിച്ചത്. രണ്ടാം പകുതിയിൽ കളി കൂടുതൽ ബലാബലമായി. കടുത്ത പ്രതിരോധം തീർത്തായിരുന്നു ഹെയ്തി ഖത്തറിന്റെ വിങ്ങിലൂടെയുള്ള മുന്നേറ്റം തടഞ്ഞത്. കളി സമനിലയുറപ്പിച്ച് ഇഞ്ചുറി ടൈമിലേക്കു നീങ്ങിയ നിമിഷത്തിൽ പ്രതിരോധത്തിലെ ഒരു വീഴ്ച എതിരാളികൾക്കുള്ള വിജയ ഗോളായി മാറി. ഇടതു വിങ്ങിൽ പ്രതിരോധപ്പിടി വിട്ട നാസൺ നൽകിയ ക്രോസ് ഫ്രന്റ്സി പിയരറ്റ് സ്കോർ ചെയ്തപ്പോൾ ഖത്തറിന് തിരിച്ചടിക്കാൻ സമയമില്ലാതെ തോൽവി വഴങ്ങേണ്ടി വന്നു. വെള്ളിയാഴ്ച പുലർച്ചെ ഹോണ്ടുറസിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. ഇനിയുള്ള രണ്ടു കളിയും ജയിച്ചാലേ ഗ്രൂപ് കടമ്പ കടക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

